Pravasimalayaly

20 ൽ 10 ഇടത്തും ജയം; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മുൻതൂക്കം. 10 സീറ്റുകൾ എൽഡിഎഫ് വിജയിച്ചു. ഏഴിടത്ത് യുഡിഎഫും ഒരു സീറ്റ് ബിജെപിയും നേടി. കാസർകോട് മൂന്ന് സീറ്റുകളും എൽഡിഎഫ് നിലനിർത്തി.  ഇടുക്കി വണ്ടൻമേട്, കാസർകോട് ബദിയടുക്ക വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. 

വണ്ടൻമേട് എൽഡിഎഫിന്റെ പക്കൽ നിന്നും ബദിയടുക്ക ബിജെപിയുടെ പക്കൽ നിന്നുമാണ് യുഡിഎഫ് പിടിച്ചെടുത്തത്. മഞ്ചേരി, ആലുവ, ചവറ, തിരൂരങ്ങാടി വാർഡുകൾ യുഡിഎഫ് നിലനിർത്തി. കൊല്ലം ഇളമ്പല്ലൂർ സീറ്റ് ബിജെപി നിലനിർത്തി. ആലുവ നഗരസഭയിലെ 22-ാം വാര്‍ഡ് പുളിഞ്ചോട് വാർഡ് യുഡിഎഫ് നേടി. യുഡിഎഫിന്റെ വിദ്യ ബിജു വിജയിച്ചു. 

കാസർകോട് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ്-3, യുഡിഎഫ്- 2 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലം. മലപ്പുറം ന​ഗരസഭ വാർഡ് എൽഡിഎഫ് നിലനിർത്തി. മുൻ അധ്യാപകനായ കെ വി ശശികുമാർ പോക്സോ കേസിൽപ്പെട്ട് രാജിവെച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. 

Exit mobile version