കത്തു വിവാദം: അന്വേഷണം ക്രൈംബ്രാഞ്ചിന്; എസ്പിക്ക് ചുമതല

0
33

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്തു വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി അനില്‍ കാന്ത് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനനാണ് അന്വേഷണ മേല്‍നോട്ടം. കത്തു വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 

ഈ പരാതി മുഖ്യമന്ത്രി നടപടിയെടുക്കാനായി ഡിജിപിക്ക് കൈമാറുകയായിരുന്നു. അതിനിടെ കോര്‍പ്പറേഷനിലെ കത്തു വിവാദം അന്വേഷിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റിയും തീരുമാനിച്ചു. ഇന്നു വിളിച്ചു ചേര്‍ത്ത അടിയന്തര ജില്ലാ നേതൃയോഗങ്ങളിലാണ് ഇക്കാര്യത്തില്‍ വിശദ അന്വേഷണത്തിന് തീരുമാനമെടുത്തത്. 

മേയറുടെ ഓഫീസില്‍ നിന്ന് പ്രചരിക്കുന്ന തരത്തിലുള്ളൊരു കത്ത് നേരിട്ടോ അല്ലാതെയോ ഒപ്പിടുകയോ അത് ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലത്തേക്ക് കൊടുക്കയോ ചെയ്തിട്ടില്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കിയത്. കത്ത് ആരെങ്കിലും ബോധപൂര്‍വ്വം നിര്‍മ്മിച്ചതാണോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ പറയാന്‍ പറ്റു. അതുകൊണ്ടു തന്നെ കത്തിന്റെ ഉറവിടം അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 

കോര്‍പ്പറേഷനിലെ 295 താല്‍ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയര്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ?ഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്. നിയമന വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ മുന്‍ നഗരസഭ കൗണ്‍സിലര്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.കോര്‍പറേഷനില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന താല്‍കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ് ശ്രീകുമാര്‍ പരാതി നല്‍കിയത്.

Leave a Reply