ലൈഫ് മിഷന്‍; അപേക്ഷ നല്‍കുന്നതിനുള്ള സമയപരിധി നീട്ടി
ലൈഫ് മിഷനില്‍ ഭവന നിര്‍മാണ സഹായത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി ഈ മാസം 27 വരെ നീട്ടി. കുടുംബശ്രീ 2017 ല്‍ തയ്യാറാക്കിയ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും അതിനുശേഷം മാനദണ്ഡ പ്രകാരം അര്‍ഹരായവര്‍ക്കും പുതിയ പട്ടികയിലേക്ക് അപേക്ഷിക്കാം. അപേക്ഷ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഓണ്‍ലൈനായി നല്‍കാം.
ഭൂരഹിത, ഭവനരഹിതരില്‍ ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായാണ് പരിഗണിക്കുക. 2020 ജൂലൈ ഒന്നിന് മുന്‍പ് റേഷന്‍ കാര്‍ഡുള്ള കുടുംബമായിരിക്കണം. കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്കുപോലും സ്വന്തമായി വീട് ഉണ്ടായിരിക്കരുത്. പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഈ മാനദണ്ഡം ബാധകമല്ല. ജീര്‍ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ കഴിയാത്തതുമായ വീടുകള്‍ ഉള്ളവരെയും പരിഗണിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവരും ഇത്തരം സ്ഥാപനങ്ങളില്‍നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരും അപേക്ഷ നല്‍കാന്‍ അര്‍ഹരല്ല.
വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. പഞ്ചായത്തുകളില്‍ 25 സെന്‍റില്‍ അധികമോ മുന്‍സിപ്പാലിറ്റികളില്‍ അഞ്ചു സെന്‍റില്‍ അധികമോ ഭൂമി സ്വന്തമായുള്ള പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ ഒഴികെയുള്ളവരും ഉപജീവനത്തൊഴിലിനായല്ലാതെ സ്വന്തമായി നാല് ചക്രവാഹനങ്ങള്‍ ഉള്ളവരും അപേക്ഷ നല്‍കാന്‍ അര്‍ഹരല്ല.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഹെല്‍പ് ഡസ്ക്കുകള്‍ വഴിയോ, ഓണ്‍ലൈന്‍ സേവനദാതാക്കള്‍ വഴിയോ, സ്വന്തമായോ അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂരഹിതരാണെങ്കില്‍ ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ല എന്ന ഗുണഭോക്താവിന്‍റെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കണം.
ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, അഗതി/ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കള്‍, ഭിന്നലിംഗക്കാര്‍, 40 ശതമാനത്തിലേറെ അംഗവൈകല്യമുള്ള അംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, അവിവാഹിതയായ അമ്മമാര്‍ കുടുംബനാഥയായ കുടുംബങ്ങള്‍, രോഗമോ അപകടമോ മൂലം തൊഴിലെടുത്ത് ജീവിക്കാനാകാത്ത കുടുംബനാഥനുള്ള കുടുംബങ്ങള്‍, വിധവയായ കുടുംബനാഥയും സ്ഥിരം വരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങള്‍, എച്ച്. ഐ. വി ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പട്ടികയില്‍ മുന്‍ഗണന ലഭിക്കും.
മുന്‍ഗണന ലഭിക്കുവാന്‍ അര്‍ഹതയുള്ള കുടുംബങ്ങള്‍ അതിനുള്ള സാക്ഷ്യപത്രംകൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 30 നകം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ www.life2020.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.