Pravasimalayaly

പള്ളി കത്തീഡ്രൽ ആക്കുന്നതിനെതിരെ പ്രതിഷേധം, ജെസിബി തടയാൻ ശ്രമിച്ച് വിശ്വാസികൾ; ബിഷപ്പിനെ കൂവിവിളിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം എൽഎംഎസ് പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം. സിഎസ്ഐ പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരേയാണ് ഒരുവിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് കത്തീഡ്രൽ എന്ന ബോർഡ് സ്ഥാപിക്കാനുള്ള ശ്രമം  പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി വിശ്വാസികൾ തടയാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചത് സംഘർഷാവസ്ഥയിലേക്ക് നയിച്ചു.

കത്തീഡ്രൽ ആക്കുന്നതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമാണ് പള്ളിക്ക് സമീപത്തുള്ളത്. അതിനിടെ ബിഷപ്പ് ധർമരാജം റസാലം പള്ളിയെ കത്തീഡ്രൽ ആക്കി പ്രഖ്യാപിച്ചു. പള്ളിയെ മോചിപ്പിച്ചുവെന്നാണ് കത്തീഡ്രൽ ആക്കി കൊണ്ടുള്ള പ്രഖ്യാപനത്തിനിടെ ബിഷപ്പ് പറഞ്ഞത്. പള്ളിയെ എം എം സിഎസ്ഐ കത്തീഡ്രൽ എന്ന് പുനർനാമകരണവും ചെയ്തു.

പ്രഖ്യാപനത്തിന് ശേഷം പുറത്തെത്തിയ ബിഷപ്പ് ധർമരാജം റസാലത്തിനെതിരേ പ്രതിഷേധക്കാർ കൂവിവിളിച്ചു. മുപ്പതോളം കുടുംബങ്ങളാണ് എതിർപ്പറിയിച്ച് രംഗത്തെത്തിയത്. സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധം ഉയർത്തിയത്.

Exit mobile version