Pravasimalayaly

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മികച്ച വിജയം; 24 സീറ്റ്; യുഡിഎഫ് 12; ആറിടത്ത് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 42 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. 24 വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. 12 സീറ്റുകള്‍ യുഡിഎഫും ആറിടത്ത് ബിജെപിയും വിജയം നേടി. മുമ്പത്തെ 20 സീറ്റ് നേട്ടം എല്‍ഡിഎഫ് 24 ആക്കി ഉയര്‍ത്തി. 9 വാര്‍ഡുകള്‍ ഇടതുമുന്നണി പിടിച്ചെടുത്തു. യുഡിഎഫിന്റെ ഏഴും ബിജെപിയുടെ രണ്ടും വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. 

എല്‍ഡിഎഫിന്റെ മൂന്ന് വാര്‍ഡുകള്‍ യുഡിഎഫും രണ്ടെണ്ണം ബിജെപിയും നേടി. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ 16 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് 4 വാര്‍ഡുകള്‍ നഷ്ടപ്പെട്ട് 12 ലേക്ക് താഴ്ന്നു. കണ്ണൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലെ ഡിവിഷനുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗും ബിജെപിയും സീറ്റ് നിലനിര്‍ത്തി. കൊച്ചി കോര്‍പ്പറേഷന്‍ 62-ാം ഡിവിഷനായ എറണാകുളം സൗത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. 

എറണാകുളം സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ എസ് മേനോന്‍ ആണ് വിജയിച്ചത്. യുഡിഎഫിന്റെ അനിത വാര്യരെ 75 വോട്ടിന് തോല്‍പ്പിച്ചാണ് ബിജെപി സീറ്റ് നിലനിര്‍ത്തിയത്. സിപിഐയുടെ സ്ഥാനാര്‍ത്ഥി അശ്വതിക്ക് 328 വോട്ടാണ് ലഭിച്ചത്. ബിജെപി അംഗം മിനി ആര്‍ മേനോന്‍ അന്തരിച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. 

നെടുമ്പാശേരി 17-ാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ജോബി നെല്‍ക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് ആറാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ കെ കെ ഹുസൈന്‍ 25 വോട്ടിന് വിജയിച്ചു. ട്വന്റി-ട്വന്റി ഭരിക്കുന്ന കുന്നത്തുനാട്ടിൽ യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 11-ാം വാര്‍ഡ് വെമ്പിള്ളിയിൽ  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഒ ബാബു 139 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 15 വര്‍ഷമായി യുഡിഎഫ് പ്രതിനിധിയാണിവിടെ ജയിച്ചിരുന്നത്.

കണ്ണൂർ ജില്ലയിലെ 5 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ, കണ്ണൂർ കോർപറേഷൻ കക്കാട് വാർഡ് യുഡിഎഫ് നിലനിർത്തി. കക്കാട്‌ വാർഡിൽ  മുസ്‌ലിം ലീഗിലെ പി കൗലത്ത് വിജയിച്ചു. മങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡ് ബിജെപി നിലനിർത്തി. പയ്യന്നൂർ നഗരസഭയിലെ മുതിയലം, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുമ്പ്രം, കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് വാർ‍ഡുകൾ സിപിഎമ്മും നിലനിർത്തി. 

എൽഡിഎഫിന് അട്ടിമറി വിജയം

പത്തനംതിട്ട ജില്ലയിലെ റാന്നി അങ്ങാടി പഞ്ചായത്ത് ഈട്ടിച്ചുവട് 5–ാം വാർ‌ഡിൽ എൽഡിഎഫിന് അട്ടിമറി വിജയം. പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ കൈവശമിരുന്ന വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്വതന്ത്ര കുഞ്ഞുമറിയാമ്മ 179 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോന്നി 18–ാം വാർഡ് യുഡിഎഫിലെ അർച്ചന ബാലൻ 133 വോട്ടിനു ജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. റാന്നി കൊറ്റനാട് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ടു ലഭിച്ചതിനെത്തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ എൽഡിഎഫിലെ റോബി ഏബ്രഹാം വിജയിച്ചു.

ഏറ്റുമാനൂരിൽ ബിജെപി; തൃശൂരിൽ എൽഡിഎഫ്‌ കുതിപ്പ്‌

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡ് ബിജെപി സീറ്റ് നിലനിർത്തി. ബിജെപിയിലെ സുരേഷ് ആർ.നായർ 83 വോട്ടിന് ജയിച്ചു. തൃശൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളിൽ ‍ഒരെണ്ണം യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. തൃക്കൂർ ആലേങ്ങാട് ഒൻപതാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ലിന്റോ തോമസ് 285 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സീറ്റ് പിടിച്ചത്. മറ്റ് അഞ്ചിടത്തും മുന്നണികൾ സീറ്റ് നിലനിർത്തി. കുഴൂർ നാലാം വാർഡ് യുഡിഎഫ് സ്ഥാനാർഥി സേതുമോൻ ചിറ്റേത്ത് സീറ്റ് നിലനിർത്തി.

വടക്കാഞ്ചേരി നഗരസഭ ഒന്നാംകല്ല് വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. മല്ലിക സുരേഷ് 27 വോട്ടിന് വിജയിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷനും മുരിയാട് 13–ാം വാർഡും ഇടതുപക്ഷം നിലനിർത്തി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് നിലനിർത്തി. പാലക്കാട് ജില്ലയിലെ പല്ലശന കൂടല്ലൂർ വാർഡിൽ സിപിഎമ്മിലെ മണികണ്ഠൻ ജയിച്ചു. ചെർപ്പുളശേരി നഗരസഭ കേ‍ാട്ടക്കുന്ന് വാർഡിൽ എൽഡിഎഫിലെ ബിജീഷ് കണ്ണൻ 419 വേ‍ാട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി എം വി സുനിൽകുമാർ 134 വോട്ടിന് ജയിച്ചു. കോഴിക്കോട്  ജില്ലയിലെ കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎം സ്ഥാനാർത്ഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി നിമലാവതി കണ്ണന്‍ ആണ് വിജയിച്ചത്. ഇടുക്കി ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് വെള്ളാന്താനത്ത് സിപിഐയിലെ ജിന്‍സി സാജന്‍ വിജയിച്ചു. 

കൊല്ലത്ത്‌ എൽഡിഎഫിന്‌  ഉജ്ജ്വലവിജയം

ഇടുക്കി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ചേമ്പളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈമോള്‍ രാജന്‍ 78 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കൊല്ലത്ത്‌ എൽഡിഎഫിന്‌ ആറിൽ അഞ്ചിലും ഉജ്ജ്വലവിജയം. ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാര്‍ഡ്, ആര്യങ്കാവിലെ കഴുത്തുരുത്തി വാര്‍ഡ്, വെളിയത്തെ ക്ലാപ്പില, പെരിനാട് പഞ്ചായത്തിലെ നന്തിരിക്കല്‍ എന്നീ വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി.

വെളിനെല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാലില്‍ യുഡിഎഫിനാണ് ജയം. ഇതിൽ കോൺഗ്രസിന്റെ രണ്ടും ബിജെപിയുടെ ഒന്നും സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കൊല്ലം വെളിനെല്ലൂർ പഞ്ചായത്തിൽ യുഡിഎഫിന് കേവലഭൂരിപക്ഷമായി. ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമാകും. ശൂരനാട് വടക്ക് പഞ്ചായത്തിൽ യുഡിഎഫിനും ഭരണം നഷ്ടമായേക്കും.  

തിരുവനന്തപുരത്ത് നാല് പഞ്ചായത്ത്‌ വാർഡുകളിൽ രണ്ടിടത്ത്‌ എൽഡിഎഫും രണ്ടിടത്ത്‌ യുഡിഎഫും വിജയിച്ചു. പൂവാര്‍, കല്ലറ പഞ്ചായത്തുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു.  അതിയന്നൂര്‍, നാവായിക്കുളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും വിജയിച്ചു.  ഇരിങ്ങാലക്കുട ബ്ലോക്ക്‌ ആനന്ദപുരം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഷീന രാജന്‍ വിജയിച്ചു. 597 വോട്ടാണ്‌ ഭൂരിപക്ഷം. സിപിഎമ്മിലെ ഷീജ ശിവൻ സർക്കാർ ജോലി കിട്ടിയതിനെത്തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

Exit mobile version