ന്യൂഡല്‍ഹി: സംസ്ഥാനത്ത് ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗണിനു നല്കിയ ഇളവുകളെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു. അനവസരത്തില്‍ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ നല്‍കികൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കേണ്ടത്. ഉചിതമായ തീരുമാനം സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതും പരിഗണിക്കും”- ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.
ബക്രീദിനോടനുബന്ധിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വേദനാജനകമാണെന്ന് ഐഎംഎ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥയുടെ ഈ സമയത്ത് അനുചിതമായ നടപടിയായി പോയി ഇത്. ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പരമ്പരാഗത യാത്രകളും തീര്‍ത്ഥാടനങ്ങളും എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കേരളത്തെ പോലൊരു സംസ്ഥാനം ഇത്തരമൊരു പിന്തിരിപ്പന്‍ തീരുമാനമെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.
മൂന്നാം തരംഗത്തെ നേരിടാന്‍ ഉചിതമായ എല്ലാ നടപടികളും സ്വീകരിച്ച പ്രധാനമന്ത്രിയെ ഐഎംഎ അഭിനന്ദിച്ചു. പ്രതിരോധ വാക്‌സിന്‍ കൂടുതല്‍ കാര്യക്ഷമാക്കാനുള്ള നടപടി, ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നടപടികള്‍ എന്നിവ ഈ സമയത്ത് സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ നടപടികളാണ്. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഒട്ടേറെ മതപരമായ യാത്രകളും ചടങ്ങുകളും റദ്ദാക്കി. വിഷയം സ്വമേധയാ പരിഗണിച്ച സുപ്രീംകോടതി എല്ലാവരും മൂന്നാം തരംഗത്തെ നേരിടുന്നതിന് ജാഗരൂകണമെന്നും നിര്‍ദേശിച്ചു. മെഡിക്കല്‍ ആരോഗ്യ മേഖലയുടെ സേവനങ്ങളിലൂടെ കോവിഡ് രണ്ടാം തരംഗത്തില്‍ കേസുകള്‍ കുറഞ്ഞുവരികയാണ്. എന്നാല്‍ കേരളം, മഹരാഷ്ട്ര എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും കേസുകള്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. – ഐഎംഎ ചൂണ്ടിക്കാട്ടി