സമ്പൂര്‍ണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി കെ കെ ശൈലജ.
കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂര്‍ണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണം. ലോക്ക് ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെയ് 8 രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. അവശ്യ സര്‍വിസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്
എട്ടാം തീയതി (ശനിയാഴ്ച) മുതല്‍ 16 വരെ ഒരാഴ്ചയാണ് പൂര്‍ണ്ണമായ അടച്ചിടല്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് പുറത്തുവന്നു. രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടച്ചിടില്ല. സമയം പരിമിതപ്പെടുത്തും. ആശുപത്രി സേവനങ്ങളും തുടരും. പാചക വാതകം അടക്കം ചരക്കു ഗതാഗതം തടസ്സമില്ലാത്ത തുടരും. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇളവ് തുടരും. ടെലിമെഡിസിന്‍ സൗകര്യം കൂടുതല്‍ പ്രയോജനപ്പെടുത്തണം. നിയന്ത്രണങ്ങള്‍ വ്യക്തമാക്കി ഇന്ന് ഉത്തരവിറങ്ങും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയാണ്.
പൊതുഗതാഗതം നിയന്ത്രിക്കും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കണമോ എന്ന് സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ആലോചിച്ചായിരിക്കും മാനദണ്ഡം നിശ്ചയിക്കുക.
എറണാകുളം, കോഴിക്കോട് അടക്കം ഒട്ടുമിക്ക ജില്ലകളിലും കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഇതുവരെ ഭാഗിക അടച്ചിടലും കര്‍ശന നിയന്ത്രണവും കോവിഡ് രൂക്ഷമായ മേഖലകളില്‍ കണ്ടെയ്‌മെന്റ് സോണുകളും ആണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. കര്‍ശന നിയന്ത്രണമാണെങ്കിലും ആളുകള്‍ വാഹനങ്ങളുമായി നിരത്തിലേക്ക് ഇറങ്ങുന്നതും റോഡുകളിലെ തിരക്കും പരിഗണിച്ച് ലോക്ഡൗണ്‍ തന്നെയാണ് ഉചിതമെന്ന് പോലീസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനാവശ്യമായി ആളുകള്‍ വാഹനങ്ങളുമായി ഇറങ്ങുന്നതും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ തീവ്രതയുള്ള വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അടച്ചിടലല്ലാതെ മറ്റ് മാര്‍ഗമില്ലെന്നായിരുന്നു കെ.ജി.എം.ഒ.എയുടെ അഭിപ്രായം. ഐ.എം.എയും നേരത്തെ മുതല്‍ ലോക്ഡൗണ്‍ ആവശ്യപ്പെട്ടിരുന്നു.