കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലേയും ഉത്തർപ്രദേശിലേയും ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. അതേസമയം, ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തമിഴ്നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. ഈ മാസം 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ നാളെമുതൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് 12 മണിവരെ പ്രവര്‍ത്തിക്കും. അടിയന്തര ആവശ്യക്കാരെ മാത്രമേ തമിഴ്നാട് അതിര്‍ത്തി വഴി കടത്തിവിടൂ. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ അധികവും റദ്ദാക്കി. വിമാന സര്‍വ്വീസിന് മാറ്റമില്ല. സിനിമാ സീരിയില്‍ ഷൂട്ടിങ്ങിന് ഉള്‍പ്പടെ വിലക്കുണ്ട്. അനുമതി ഇല്ലാതെ പുതിയ ഷൂട്ടിങ്ങുകൾ തുടങ്ങരുതെന്നും നിർദ്ധേശമുണ്ട്.
നിലവിൽ കേരളം, ഡൽഹി, ഹരിയാന, ബിഹാർ, യുപി, ഒഡീഷ, രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ സമ്പൂർണ ലോക്ഡൗണിലേക്ക് കടന്നിരിക്കുകയാണ്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.