Pravasimalayaly

തദ് ദേശസ്ഥാപനങ്ങളിലെ മേയർ തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം:കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കും മുനിസിപ്പൽ കൗൺസിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്ന്  നടക്കും. മേയർ, മുനിസിപ്പൽ ചെയർമാൻ സ്ഥാനങ്ങളിലേക്ക് രാവിലെ 11നും ഡെപ്യൂട്ടി മേയർ, മുനിസിപ്പൽ വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് ഉച്ചകഴിഞ്ഞു രണ്ടിനുമാണു തെരഞ്ഞെടുപ്പ്.

ജില്ലാ കളക്ടറാണു കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വരണാധികാരി. സർവെ ആൻഡ് ലാൻഡ് റെക്കോഡ്‌സ് അസിസ്റ്റന്റ് ഡയറക്ടറാണു നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ വരണാധികാരി. നെടുമങ്ങാട് – ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, തിരുവനന്തപുരം, ആറ്റിങ്ങൽ – ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, വർക്കല – റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ, തിരുവനന്തപുരം എന്നിവരാണ് മറ്റു മുനിസിപ്പാലിറ്റികളിലെ വരണാധികാരികൾ.

ഓപ്പൺ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തിയാകും വോട്ട് ചെയ്യുക.

നാമനിർദേശം ചെയ്ത സ്ഥാനാർഥി ഒരാൾ മാത്രമേയുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കും. രണ്ടു സ്ഥാനാർഥികളാണെങ്കിൽ കൂടുതൽ സാധുവായ വോട്ട് കിട്ടുന്നയാൾ തെരഞ്ഞെടുക്കപ്പെടും. രണ്ടു സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ചാൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. രണ്ടിലധികം സ്ഥാനാർഥികൾ മത്സരിക്കാനുണ്ടായാൽ ഒരു സ്ഥാനാർഥിക്ക് മറ്റെല്ലാ സ്ഥാനാർഥികൾക്കും കൂടി കിട്ടിയിട്ടുള്ള മൊത്തം വോട്ടിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിച്ചാൽ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കും. മറ്റു സ്ഥാനാർഥികളുടെ മൊത്തം വോട്ടിനേക്കാൾ കൂടുതൽ വോട്ട് ലഭിച്ചില്ലെങ്കിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച സ്ഥാനാർഥിയെ ഒഴിവാക്കി ശേഷിക്കുന്ന സ്ഥാനാർഥികളെവച്ചു വീണ്ടും വോട്ടെടുപ്പ് നടത്തും. അങ്ങനെ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകണം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങൡും വോട്ടെടുപ്പ് നടത്തേണ്ടതെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൗൺസിൽ ഹാളിൽ സാമൂഹിക അകലം, സാനിറ്റൈസർ, മാസ്‌ക് എന്നിവ നിർബന്ധമാണ്. തെരഞ്ഞെടുപ്പ് നീതിപൂർവകവും സ്വതന്ത്രവുമായി നടത്താൻ ബന്ധപ്പെട്ട വരണാധികാരികൾ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും കളക്ടർ പറഞ്ഞു.

*ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് 30ന്*

ജില്ലയില ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 30നു നടക്കും.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്കു രണ്ടിനുമാകും നടക്കുക. അതത് തദ്ദേശ സ്ഥാപന വരണാധികാരികളാകും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കു നേതൃത്വം നൽകുന്നത്.

Exit mobile version