ലോകായുക്ത നിയമഭേദഗതി ബില്ലിനെച്ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത. മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് എതിര്‍പ്പ് അറിയിച്ചത്. ബില്‍ ഈ രൂപത്തില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കി. രാഷ്ട്രീയ കൂടിയാലോചന നടത്തി മാത്രമേ നിയമം അവതരിപ്പിക്കാന്‍ പാടുള്ളൂ എന്നും സിപിഐ മന്ത്രിമാര്‍ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ബില്ലില്‍ മാറ്റം വരുത്തിക്കഴിഞ്ഞാല്‍ നിയമപ്രശ്നമുണ്ടാകുമെന്നും, ബില്ലിന്മേല്‍ പിന്നീട് ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ലോകായുക്ത വിധിയില്‍ പുനഃപരിശോധനാ അധികാരം മുഖ്യമന്ത്രിക്ക് നല്‍കുന്ന വ്യവസ്ഥയെയാണ് സിപിഐ എതിര്‍ക്കുന്നത്. ഇതിന് പകരം വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്.
ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെത്തുടര്‍ന്ന് റദ്ദായിപ്പോയ ലോകായുക്ത ഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകള്‍ ബില്ലായി അവതരിപ്പിക്കുന്നതിനായി ഈ മാസം 22 മുതല്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് ലോകായുക്ത ഭേദഗതി ബില്‍ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നത്.