ലോകായുക്ത ഭേദഗതി ബില്ലിന്റെ കരട് പുറത്തിറങ്ങി: ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും

0
22

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ബില്ലിന്റെ കരട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ലോകായുക്തയുടെ വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി. ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്ന് വിധി തള്ളിക്കളയാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. സര്‍ക്കാര്‍ സമര്‍പ്പിച്ച ഏഴ് ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെയാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അസാധാരണ പോരാണ് നിയമസഭാ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയ്ക്ക് വഴിയൊരുക്കുക. വരുന്ന ബുധനാഴ്ച ബില്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷം ബില്ലിനെ ശക്തിയായി എതിര്‍ക്കും എന്നുറപ്പാണ് എന്നാല്‍ സിപിഐയുടെ നിലപാടാവും സഭയില്‍ കൂടുതല്‍ നിര്‍ണായകമാവുക.

ലോകായുക്ത ഭേദഗതി സംബന്ധിച്ച് സിപിഎം നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് സിപിഐക്കുള്ളത്. ഈ ഭിന്നത പരിഹരിക്കാന്‍ ഇതുവരെ സിപിഐ-സിപിഎം ചര്‍ച്ച നടന്നിട്ടില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ തള്ളിക്കളയാമെന്ന സര്‍ക്കാര്‍ ഭേദഗതിയോട് സിപിഐക്ക് എതിര്‍പ്പാണ്.

സര്‍ക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി ഹിയറിംഗ് നടത്തട്ടെ എന്നാണ് സിപിഐ നിര്‍ദ്ദേശം. ഇത് സര്‍ക്കാറിന്റെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാമെന്നായിരുന്നു ഭേദഗതിയോട് എതിര്‍പ്പ് ഉന്നയിച്ച സിപിഐ മന്ത്രിമാരോട് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയും നിയമമന്ത്രിയും പറഞ്ഞത്. ഈ സാഹചര്യത്തില്‍ ലോകായുക്ത വിഷയത്തിലെ സിപിഐയുടെ പിന്നോട്ടും പോക്കും നിയമസഭയില്‍ വലിയ ചര്‍ച്ചയാകും.

Leave a Reply