Monday, July 1, 2024
HomeLatest Newsഎലിസബത്ത് രാജ്ഞി വിടപറയുന്നത് ഏറ്റവും കൂടുതൽകാലം സിംഹാസനത്തിലിരുന്ന് വ്യക്തിയെന്ന നേട്ടം സ്വന്തമാക്കി

എലിസബത്ത് രാജ്ഞി വിടപറയുന്നത് ഏറ്റവും കൂടുതൽകാലം സിംഹാസനത്തിലിരുന്ന് വ്യക്തിയെന്ന നേട്ടം സ്വന്തമാക്കി

ബ്രിട്ടിഷ് ജനതയുടെ ‘വല്യതമ്പുരാട്ടി’ എലിസബത്ത് രാജ്ഞി ഇനി ഓർമകളിൽ ജീവിക്കും. ബ്രിട്ടന്റെ രാജസിംഹാസനത്തിൽ ഏറ്റവും കൂടുതൽ കാലമിരുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിയാണ് എലിസബത്ത് രാജ്ഞി വിടപറയുന്നത്. അത് മാത്രമല്ല, ലോകത്ത് രാജവാഴ്ചയിൽ ഏറ്റവും കൂടുതൽകാലം അധികാരത്തിലിരിക്കുന്ന രണ്ടാമത്തെ വ്യക്തിയും എലിസബത്താണ്.

പിതാവ് കിങ് ജോർജ് ആറാമന്റെ മരണത്തെ തുടർന്ന് 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് അധികാരത്തിലെത്തുന്നത്. അന്ന് 25 വയസ്സായിരുന്നു അവർക്ക് പ്രായം. എന്നാൽ ഒരു കൊല്ലത്തിനിപ്പുറം 1953 ജൂൺ രണ്ടിനാണ് എലിസബത്തിന്റെ കിരീടധാരണം നടക്കുന്നത്. 1977, 2002, 2012 വർഷങ്ങളിൽ എലിസബത്തിന്റെ കിരീടധാരണത്തിന്റെ രജതം, സുവർണം, വജ്രം, പ്ലാറ്റിനം ജൂബിലികൾ യഥാക്രമം ആഘോഷിച്ചിരുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിൽനിന്നുള്ള, ഏറ്റവും കൂടുതൽകാലം അധികാരത്തിൽ ഇരുന്ന വ്യക്തി എലിസബത്ത് രാജ്ഞിയാണ്. 2022 ജൂണിൽ, എലിസബത്ത് അധികാരത്തിൽ ഏറിയതിന്റെ ഏഴുപതാം വാർഷികമായിരുന്നു. ഇതിനോട് അനുബന്ധിച്ച് ബ്രിട്ടണിൽ നാലുദിവസം ദേശീയ ആഘോഷങ്ങൾ നടക്കുകയും ചെയ്തു.

എന്നാൽ രാജവാഴ്ചയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നതിലെ ഒന്നാംസ്ഥാനം ഫ്രാൻസിന്റെ ലൂയി പതിനാലാമനാണ്. 1643-ൽ നാലാം വയസ്സിലാണ് അദ്ദേഹം രാജാവായത്. രണ്ടാംസ്ഥാനത്ത് എലിസബത്ത് രാജ്ഞി.

മൂന്നാംസ്ഥാനത്തുള്ളത് തായ്ലൻഡിന്റെ ഭൂമിബോൽ അതുല്യതേജാണ്. 1927-നും 2016-നും ഇടയിൽ എഴുപതുവർഷവും 126 ദിവസവുമാണ് അദ്ദേഹം രാജപദവി വഹിച്ചത്. 2016-ൽ ആണ് അദ്ദേഹം അന്തരിച്ചത്.

നിരവധി ചരിത്രസംഭവങ്ങൾക്ക് എലിസബത്തിന്റെ ഭരണകാലയളവ് സാക്ഷ്യംവഹിച്ചിരുന്നു. 1960-70 കാലയളവിൽ ആഫ്രിക്കയും കരീബിയൻ രാജ്യങ്ങളും കോളനിവാഴ്ചയിൽനിന്ന് മോചിതമായതാണ് ഇതിൽ പ്രധാനം. ഇക്കാലയളവിൽ ഏകദേശം 20 രാജ്യങ്ങളാണ് ബ്രിട്ടണിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. കോളനികൾ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ബ്രിട്ടീഷ് സാമ്രാജ്യം തകരുകയും ഒരു രാജ്യമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന് 1973-ൽ എഡ്വാർഡ് ഹീത്ത് പ്രധാനമന്ത്രിയായിരിക്കെയാണ് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽനിന്ന് ബ്രിട്ടൺ പുറത്തുവന്നുകൊണ്ടിരുന്ന കാലത്താണ് എലിസബത്ത് അധികാരത്തിലേറുന്നത്. സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രശ്നങ്ങൾ അന്ന് ബ്രിട്ടൻ നേരിട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് എലിസബത്ത് സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഫോട്ടോഗ്രഫി ഏറെ ഇഷ്ടമായിരുന്നു എലിസബത്തിന്. ലിലിബെറ്റ് എന്നായിരുന്നു അവരുടെ ഇരട്ടപ്പേര്. ചെറുപ്പത്തിൽ എലിസബത്ത് എന്ന പേര് അവർ ഉച്ചരിച്ചിരുന്നത് ലിലിബെറ്റ് എന്നായിരുന്നു. അങ്ങനെയാണ് ഇത്തരമൊരു പേര് നിലവിൽവന്നത്.

വിൻസ്റ്റൺ ചർച്ചിൽ ആയിരുന്നു എലിസബത്തിന്റെ ഭരണകാലയളവിലെ ആദ്യ ബ്രിട്ടൺ പ്രധാനമന്ത്രി. അന്ന് ജോസഫ് സ്റ്റാലിൻ ആയിരുന്നു സോവിയറ്റ് യൂണിയന്റെ തലപ്പത്ത്. 1979-ൽ മാർഗരറ്റ് താച്ചർ ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റതും എലിസബത്തിന്റെ കാലത്താണ്. ചർച്ചിലും മാർഗരറ്റ് താച്ചറും ഒടുവിൽ ലിസ് ട്രസും ഉൾപ്പെടെ 15 പ്രധാനമന്ത്രിമാരാണ് എലിസബത്തിന്റെ കാലത്ത് ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തിയത്.

എലിസബത്തിന്റെ മകൻ ചാൾസിന്റെ ഭാര്യയായിരുന്ന ഡയാന രാജകുമാരി കാർ അപകടത്തിൽ മരിച്ചത് 1997-ലാണ്. അന്ന് ഡയാനയുടെ സംസ്കാരച്ചടങ്ങിന് തലേന്ന് എലിസബത്ത്, അനുസ്മരണ പ്രഭാഷണം നടത്തിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments