Pravasimalayaly

വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്‌ പുറപ്പെടുവിച്ചു,വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ്

കൊച്ചി: യുവനടിയുടെ ബലാത്സംഗ പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കൊച്ചി സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ്‌ പുറപ്പെടുവിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുന്നതിനായാണ് പൊലീസ് നീക്കം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകി.

ബലാത്സംഗ കേസിലും ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയുരുന്നു.

കേസിൽ പ്രാഥമിക അന്വേഷണ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും പരാതി പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജുപറഞ്ഞു. വിദേശത്തു നിന്ന് മടങ്ങിയെത്തിയില്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്നും നിലവിൽ ഇന്റർപോളിന്റെ സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന ഫ്ലാറ്റുകളിലും ഹോട്ടലുകളിലും പൊലീസ് തെളിവ് ശേഖരണം നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചതായാണ് വിവരം. അതേസമയം, കേസിൽ മുൻ‌കൂർ ജാമ്യത്തിനായുള്ള ശ്രമങ്ങൾ വിജയ്ബാബു ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെ സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാർപ്പിച്ച് വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

നടി പരാതി നൽകിയതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നു എന്നാണ് വിവരം. എന്നാൽ, കഴിഞ്ഞ ദിവസം രാത്രി ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് ലൈവിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.

Exit mobile version