Pravasimalayaly

വിജയ് ബാബുവിനെതിരെ ഉടന്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍, മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇവിടെ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്. എന്നാല്‍ പ്രതിക്കായി വിമാനത്താവളങ്ങളില്‍ അടക്കം ഉടന്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ നല്‍കാനാണ് പൊലീസ് തീരുമാനം.

വിജയ് ബാബുവിന്റെ പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന നടത്തി. ഇയാള്‍ വിദേശത്തായതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു. രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് കേസുകള്‍.

പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത്എ റണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.പീഡന പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തിയിരുന്നു. ഈ ലൈവിലാണ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. ഇതോടെയാണ് പൊലീസ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസെടുക്കാന്‍ തീരുമാനിച്ചത്.

Exit mobile version