Pravasimalayaly

റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനായി ലുക്കൗട്ട് നോട്ടിസ്

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് മെഹ്നാസിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും ഹാജാരകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കുന്നത്. മെഹ്നാസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സാഹചര്യത്തില്‍ കൂടിയാണ് നടപടി.

വ്യാഴാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഫോണ്‍ അടക്കം സ്വിച്ച്ഡ് ഓഫ് ചെയ്തിരിക്കുകയാണ്. മെഹ്നാസ് ഒളിവിലാണെന്ന അനുമാനത്തിലാണ് പൊലീസുള്ളത്. കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി എടുത്തിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് വീട്ടില്‍ വന്നിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. മെഹ്നാസ് നിലവില്‍ സംസ്ഥാനം വിട്ടെന്നാണ് സൂചന. തുടര്‍ന്നാണ് ലുക്ക ൗട്ട് നോട്ടിസ് ഇറക്കിയിരിക്കുന്നത്.

നേരത്തെ മൊഴിയെടുക്കാനായി അന്വേഷണസംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാന്‍ ആയിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുക ആയിരുന്നു.

അതേസമയം റിഫയുടെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതിനെതുടര്‍ന്ന് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. മൃതദേഹത്തില്‍ കഴുത്തില്‍ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തില്‍ കാണാറുളളതാണെന്നും ഫോറന്‍സിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. വിശദമായ കണ്ടെത്തലുകള്‍ ഇനിയും വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

മാര്‍ച്ച് 1നാണ് വ്ളോഗര്‍ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ വച്ച് ഫോറന്‍സിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.

Exit mobile version