എല്‍പി ക്ലാസുകളില്‍ ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ഥി സ്‌കൂള്‍ തുറക്കല്‍ കരട് മാര്‍ഗരേഖയായി

0
37

തിരുവനന്തപുരം: എല്‍ പി ക്ലാസുകളില്‍ ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്നത് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് സ്‌കൂള്‍ തുറക്കലിനു മുന്നോടിയായുള്ള കരട് മാര്‍ഗരേഖ തയാറായി. ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി തയാറാക്കിയ മാര്‍ഗരേഖ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം ഇന്ന് പുറത്തിറക്കിയേക്കും. നിലവിലുള്ളതിന്റെ മൂന്നിലൊന്നു വീതം കുട്ടികള്‍ക്ക് സ്‌കൂളില്‍ വരാമെന്ന രീതിയിലുള്ള മാര്‍ഗരേഖ. എല്‍പി, യു.പി തലങ്ങളില്‍ പരമാവധി കുറച്ച് വിദ്യാര്‍ഥികളെയാവും ഓരോ ക്ലാസില്‍ ഇരുത്തുക. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ കുറച്ചുകൂടി ഇളവുകള്‍ നല്കാനും കരട് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ഈ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ അധ്യാപക രക്ഷകര്‍തൃസമിതികളുമായി കൂടിയാലോചനകള്‍ വീണ്ടും നടത്തും.എല്‍പി ക്ലാസുകളില്‍ 10 കുട്ടികളും യുപി ക്ലാസുകളില്‍ 20 വിദ്യാര്‍ഥികളും ഒരേ സമയം ക്ലാസുകളില്‍ ആകാമെന്നു മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ കൂടുതല്‍ ഇടപഴകുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വേണ്ടെന്ന നിര്‍ദേശവും മുന്നോട്ടു വെയ്ക്കുന്നു. ആദ്യഘട്ടമായി ഉച്ചവരേ മാത്രമേ ക്ലാസുകള്‍ ഉണ്ടാവു. സ്‌കൂളിലെ ഇടവേള സമയങ്ങളിലും ക്രമീകരണം ഉണ്ടാകണമെന്ന നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികളുടെ യാത്രാക്കാര്യങ്ങളില്‍ കര്‍ശനമായ നിയന്ത്രണം വേണമെന്ന ആവശ്യവും മുന്നോട്ടു വെച്ചിട്ടുണ്ട്. സ്‌കൂളിലെ ക്ലാസുകള്‍ പല ബാച്ചുകളായി തിരിച്ച് ക്രമീകരണം നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കും. മാര്‍ഗരേഖ പുറത്തിറങ്ങുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകും.

Leave a Reply