സിസ്റ്റർ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല എഫ് സി സി കോൺവെൻറിൽ സത്യഗ്രഹ സമരം തുടങ്ങി. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹമെന്ന് ലൂസി കളപ്പുര സമരം നടത്തുന്നത്. കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം.
മഠം അധികൃതർ ഭക്ഷണം നിഷേധിക്കുകയാണെന്നും പ്രാർഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്കുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുര ആരോപിച്ചു. അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതർ ഉപദ്രവിക്കുകയാണെന്നും അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലു വർഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമമെന്നും അവർ പറഞ്ഞു. കേസിൽ തീർപ്പാകുന്നതുവരെ മഠത്തിൻറെ എല്ലാ ആനുകൂല്യങ്ങളും സിസ്റ്റർ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി.