Pravasimalayaly

ചരിത്രകാരൻ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചരിത്രകാരനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. എം ഗംഗാധരന്‍ (89)അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. മലബാര്‍ കലാപം സംബന്ധിച്ച പഠനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മലബാര്‍ കലാപം സംബന്ധിച്ച പ്രബന്ധത്തിന് 1986ലാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി ലഭിച്ചത്.

മലപ്പുറം പരപ്പനങ്ങാടിയില്‍ പി.കെ. നാരായണന്‍ നായരുടെയും മുറ്റയില്‍ പാറുകുട്ടിയമ്മയുടെയും മകനായി 1933ലായിരുന്നു ജനനം. ഭാര്യ: യമുനാദേവി. മകന്‍: നാരായണന്‍. മകള്‍: നളിനി.

1954ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ചരിത്രത്തില്‍ ബി എ (ഓണേഴ്‌സ്) നേടിയ അദ്ദേഹം ചരിത്രാധ്യാപകനാവുന്നതിനു മുന്‍പ് മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു.

1970 മുതല്‍ 75 വരെ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിചെയ്ത അദ്ദേഹം തുടര്‍ന്ന് 88 വരെ കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ അധ്യാപകനായിരുന്നു. ആറുവര്‍ഷം സംസ്ഥാനത്തെ മറ്റു സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായും പ്രവര്‍ത്തിച്ചു.

‘വസന്തത്തിന്റെ മുറിവ്’ എന്ന ഗ്രന്ഥത്തിന് വിവര്‍ത്തന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ‘ഉണര്‍വിന്റെ ലഹരിയിലേക്ക്’ എന്ന പുസ്തകത്തിനു സാഹിത്യവിമര്‍ശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

അന്വേഷണം, ആസ്വാദനം, നിരൂപണം പുതിയ മുഖം, മലബാര്‍ റിബല്യണ്‍ 1921-22, ദ ലാന്‍ഡ് ഓഫ് മലബാര്‍, മാപ്പിള പഠനങ്ങള്‍ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.

Exit mobile version