Pravasimalayaly

പട്ടയം റദ്ദാക്കിയത് അഴിമതിക്ക് വഴിയൊരുക്കും; തീരുമാനം പുനപരിശോധിക്കണമെന്ന് രവീന്ദ്രന്‍

ഇടുക്കി: താന്‍ അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി മുന്‍ ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. ഐ. രവീന്ദ്രന്‍. സര്‍ക്കാര്‍ തീരുമാനം മുന്നാറിലും ദേവികുളത്തും വലിയ അഴിമതിക്ക് വഴിയൊരുക്കുമെന്നും നിയമക്കുരുക്കുകള്‍ ഉണ്ടാക്കുമെന്നും രവീന്ദ്രന്‍ പറഞ്ഞു.

“ഞാന്‍ കൊടുത്ത പട്ടയങ്ങള്‍ കൃഷി ആവശ്യത്തിനും വീടു വയ്ക്കുന്നതിനുമാണ്. പക്ഷെ അത് വാണിജ്യ ആവശ്യത്തിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് നിയമപരമായി തെറ്റാണ്. എംഎല്‍എ എം.എം. മണിക്കും സമാന അവശ്യത്തിനാണ് പട്ടയം നല്‍കിയത്. അദ്ദേഹത്തിന് നല്‍കിയ പട്ടയ ഭൂമിയില്‍ പാര്‍ട്ടി ഓഫീസും റിസോര്‍ട്ടുമുണ്ട്,” രവീന്ദ്രന്‍ പറഞ്ഞു.

രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിനോട് താന്‍ യോജിക്കുന്നില്ലെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം. എം. മണി പറഞ്ഞു. “പട്ടയം നല്‍കുമ്പോള്‍ റിസോര്‍ട്ടുകള്‍ ഇല്ല. പിന്നീട് നാടിന് വന്ന മാറ്റത്തിന്റെ ഭാഗമായാണ് ഹോട്ടലുകളും മറ്റ് കെട്ടിടങ്ങളും വന്നത്. ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് നിയമപരമായി മുന്നോട്ട് പോകാം. അല്ലെങ്കില്‍ സര്‍ക്കാരിനെ സമീപിക്കാം,” എം. എം. മണി പറഞ്ഞു.

ചൊവ്വാഴ്ചയാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കിയത്. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999 ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

Exit mobile version