സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇഡിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തത്.
സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആറിനാണ് ഇഡി ഹര്‍ജി ഫയല്‍ ചെയ്തത്. 19ന് ഹര്‍ജി രജിസ്റ്റര്‍ ചെയ്തു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയത്. കള്ളപ്പണ ഇടപാടില്‍ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ഇഡി പുതിയ നീക്കവുമായി രംഗത്തെത്തിയത്.
അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു. കേസില്‍ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്റെ മൊഴി മാറ്റിക്കാന്‍ സമ്മര്‍ദമുണ്ട്. വിസ്താരം കേരളത്തില്‍ നടന്നാല്‍ സ്വാധീനമുളള ഉന്നതര്‍ തടസമുണ്ടാക്കുകയും വ്യാജ തെളിവുകള്‍ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജന്‍സിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തു. കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.