Pravasimalayaly

സ്വപ്ന സഹായം ചോദിച്ചെങ്കിലും നല്‍കിയില്ല,നിയമനത്തിന് ശുപാര്‍ശ ചെയ്തിട്ടില്ല; മുഖ്യമന്ത്രിയെ കേസില്‍ വലിച്ചിഴയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന എം ശിവശങ്കര്‍

കോട്ടയം: മുഖ്യമന്ത്രിയെ കേസില്‍ വലിച്ചിഴയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് എം ശിവശങ്കര്‍. മുഖ്യമന്ത്രിക്കെതിരെ തന്റെ മൊഴി എളുപ്പത്തില്‍ ലഭിക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് ചെയ്യാത്തതിനാല്‍ പൊരുത്തക്കേട് ഉണ്ടായില്ലെന്ന് എം ശിവശങ്കര്‍ വ്യക്തമാക്കി. തന്നെ ചികിത്സിച്ച ഡോക്ടറെ കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞു. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് എം ശിവശങ്കറിന്റെ പരാമര്‍ശങ്ങള്‍. എം ശിവശങ്കര്‍ ജയില്‍ മോചിതനായി ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന വേളയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.
നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന സഹായം ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും ശിവശങ്കര്‍ പറയുന്നു. സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനത്തിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ശിവശങ്കര്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെയും തള്ളുന്നു. ഡിസി ബുക്‌സ് ശനിയാഴ്ച പ്രസിദ്ധീകരിക്കുന്ന ശിവശങ്കറിന്റെ ആത്മകഥയിലാണ് ആരോപണങ്ങളും തുറന്ന് പറച്ചിലുകളുമുള്ളത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരാള്‍ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല. ദുബായില്‍ നിന്ന് സ്വര്‍ണം കയറ്റിവിട്ടത് ആര്, ആര്‍ക്കുവേണ്ടിയാണ് എന്ന് ഇപ്പോഴും വ്യക്തമല്ല. ഇതില്‍ നിന്നു ശ്രദ്ധ തിരിക്കാനായി തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയെന്ന് കരുതുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പെരുംനുണ പറഞ്ഞു. മാധ്യമങ്ങള്‍ വേട്ടയാടി. സസ്പന്‍ഷന്‍ ആവുന്നതിനു മുന്‍പ് അങ്ങനെ റിപ്പോര്‍ട്ട് നല്‍കി. സെക്രട്ടേറിയറ്റിലെ ചില സുഹൃത്തുക്കളാണ് തനിക്കെതിരെ പണിയൊപ്പിച്ചത് എന്നൊക്കെ ശിവശങ്കര്‍ പുസ്തകത്തില്‍ കുറിയ്ക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശിവശങ്കറിനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രകാരം സംസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. തിരിച്ചെത്തിയ ശിവശങ്കറിനെ സ്പോര്‍ട്സ് വകുപ്പില്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.

Exit mobile version