സില്‍വര്‍ ലൈന്‍ ഡിപിആറില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

0
44

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആര്‍ അതേപടി തുടരില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍. ആവശ്യമായ മാറ്റങ്ങള്‍ ഡിപിആറില്‍ വരുത്തും. സര്‍ക്കാര്‍ ഡിപിആര്‍ അതേപടി മുറുകേ പിടിക്കില്ലെന്നും വിമര്‍ശനങ്ങളെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പദ്ധതിയുടെ ഡിപിആര്‍ പുറത്തുവന്നപ്പോള്‍ നിരവധി വിമര്‍ശനങ്ങളുയര്‍ന്നതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മലപ്പുറത്ത് നടന്ന യോഗത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. രഹസ്യ രേഖയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് പഠിക്കാന്‍ യുഡിഎഫ് പ്രത്യേക സമിതിയെ നിയോഗിക്കാനാണ് തീരുമാനം. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കെ-റെയിലിന്റെ വിശദമായ രേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവട്ടത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എംഎഎല്‍എ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അതിന് ലഭിച്ച മറുപടിയില്‍ പക്ഷേ ഡിപിആര്‍ വിവരങ്ങള്‍ ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് നിയമസഭാ വെബ്സൈറ്റിലുള്‍പ്പെടെ ഡിപിആര്‍ പുറത്തുവിട്ടത്.

ആറ് ഭാഗങ്ങളായി 3773 പേജുകള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് സില്‍വര്‍ ലൈനിന്റേത്. പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റേണ്ടി വരുന്ന മുഴുവന്‍ കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍ ഏതൊക്കെയെന്ന വിവരങ്ങളാണ് ഡിപിആറില്‍ ഉള്ളത്. ആറര ലക്ഷം യാത്രക്കാരെയാണ് കെ-റെയിലില്‍ പ്രതീക്ഷിക്കുന്നത്. ആറ് ഘട്ടങ്ങളിലായാണ് ഡിപിആര്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ധ്രുതഗതിയില്‍ നടത്തിയ പരിസ്ഥിതി ആഘാത വിവരങ്ങള്‍ കൂടി ഡിപിആറിനൊപ്പം വച്ചിട്ടുണ്ട്. 2025-26 ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഡിപിആറില്‍ നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നെടുമ്പാശേരി വിമാനത്താവളവുമായി പദ്ധതി ബന്ധിപ്പിക്കും. വിദേശ സഞ്ചാരികളെ ലക്ഷ്യംവച്ചുകൊണ്ട് ടൂറിസ്റ്റ് ട്രെയ്നും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും

അതിനിടെ സാമൂഹിക ആഘാതപഠനവും പരിസ്ഥിതി ആഘാതപഠനവും നടത്താതെ സര്‍ക്കാര്‍ പുറത്തിറക്കിയ സില്‍വര്‍ലൈന്‍ ഡിപിആര്‍ ശാസ്ത്രീയമല്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ഡാറ്റ തിരിമറി നടത്തി ജപ്പാനിലെ ജൈക്കയില്‍ നിന്നും ചരടുകളോടെ വായ്പ വാങ്ങാന്‍ മാത്രമായി തട്ടിക്കൂട്ടിയ ഡിപിആറാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്ന് സതീശന്‍ ആക്ഷേപിച്ചു. സര്‍ക്കാര്‍ ശരിയായ രീതിയിലല്ല സര്‍വ്വേകള്‍ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ഹര്‍ജി ഈ മാസം 21ന് പരിഗണിക്കും. സാമൂഹികഘാത പഠനം പൂര്‍ത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഇത് നിയമ വിരുദ്ധം എന്ന് ഹര്‍ജിക്കാര്‍ പറയുന്നു. കോട്ടയം, തൃശൂര്‍, കോഴിക്കോട് സ്വദേശികള്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

Leave a Reply