സിപിഐഎം സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമോ എന്നതില്‍ സസ്‌പെന്‍സ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കെ വി തോമസിനെ പുകഴ്ത്തി എം എ ബേബി. കെ വി തോമസ് ധീരമായ നിലപാട് സ്വീകരിച്ചാല്‍ സ്വാഗതമെന്ന് എം എ ബേബി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ സിപിഐഎം പ്രവേശം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു എം എ ബേബിയുടെ പ്രതികരണം. കെ വി തോമസ് നെഹ്‌റുവിയന്‍ പാരമ്പര്യമുള്ള നേതാവാണെന്ന് എം എ ബേബി പറഞ്ഞു.
തീരുമാനം അറിയിക്കാന്‍ കെ വി തോമസ് വാര്‍ത്താ സമ്മേളനം കൂടി വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ നീക്കത്തിനാണോ ഒരുങ്ങുന്നത് എന്ന കാര്യം ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാനുള്ള സാധ്യത സിപിഐഎം പൂര്‍ണമായി തള്ളുന്നില്ല. കെ വി തോമസ് മാത്രമല്ല മറ്റ് പല നേതാക്കളും സെമിനാറില്‍ പങ്കെടുക്കുമെന്നാണ് ഇന്നലെ സിപിഐഎം നേതാവ് ഇപി ജയരാജന്‍ പറഞ്ഞത്.
അതേസമയം സിപിഐഎമ്മിന്റെ ക്ഷണം ഇതുവരെ നിരസിച്ചിട്ടില്ല എന്നതിനാല്‍ സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കാന്‍ കെ വി തോമസ് രാവിലെ 11 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. നെഹ്‌റുവിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ വി തോമസിനെ തടയരുതെന്നും എം വി ജയരാജന്‍ ഓര്‍മിപ്പിച്ചു.
സിപിഐഎം ക്ഷണമുള്ള കോണ്‍ഗ്രസുകാരെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ എം വി ജയരാജന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ഊരുവിലക്ക് ഭീഷണി ഉയര്‍ത്തി കെ വി തോമസിനെ പിന്തിരിപ്പിക്കാനാണ് കെ സുധാകരന്‍ ശ്രമിക്കുന്നത്. കെപിസിസി പ്രസിഡന്റിന്റെ തിരുമണ്ടന്‍ തീരുമാനം ചരിത്രം രേഖപ്പെടുത്തും. കെ വി തോമസ് മാത്രമല്ല സിപിഐഎം ക്ഷണിച്ച അഞ്ച് നേതാക്കളും സെമിനാറില്‍ പങ്കെടുക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.