അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. ഇന്ന് ഒരു സാക്ഷി കൂടി കൂറുമാറി. ഇരുത്തിയേഴാം സാക്ഷി സെയ്തലവിയാണ് ഇന്ന് കൂറുമാറിയത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 14 ആയി. അതേസമയം രണ്ട് സാക്ഷികൾ ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികളായ വിജയകുമാർ, രാജേഷ് എന്നിവരാണ് മൊഴിയിൽ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാർ. രാജേഷ് ഇരുപത്തിയാറാം സാക്ഷിയും.
പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിലൂടെ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധി ലംഘിച്ചെന്ന് കാട്ടി പ്രോസിക്യൂഷൻ മണ്ണാർക്കാട് എസ്‌സി – എസ്ടി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ പതിനാറിൽ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി റദ്ദാക്കിയത്. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ തിരുത്താനോ കീഴ്‌ക്കോടതികൾക്ക് അനുവാദമില്ലെന്ന് ചൂണ്ടികാട്ടിയിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.