Pravasimalayaly

അട്ടപ്പാടി മധു വധക്കേസ്: വിചാരണ നേരത്തെയാക്കി

അട്ടപ്പാടി മധു വധക്കേസ് നേരത്തേ പരിഗണിക്കാന്‍ തീരുമാനം. ഈ മാസം 18 ന് കേസ് പരിഗണിക്കും.ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കേസിലെ പ്രതികള്‍ക്ക് ഇന്ന് ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രവും കൈമാറിയിരുന്നു. കോടതിയില്‍ എത്തിയാണ് പ്രതികള്‍ തെളിവുകള്‍ ശേഖരിച്ചത്. കുറ്റപത്രവും, ഡിജിറ്റല്‍ തെളിവുകളും പ്രതികള്‍ക്ക് നല്‍കാത്തതിനാല്‍ കേസ് നീണ്ടുപോവുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട മര്‍ദനത്തിരയായ മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് പട്ടാപ്പകല്‍ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തത്.

പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി മധു മരണപ്പെടുകയായിരുന്നു. മധുവിനെ കൈകള്‍ ബന്ധിച്ച് മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്ത അക്രമികള്‍ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു.

Exit mobile version