പരീക്ഷക്കെത്തിയപ്പോള്‍ കറണ്ടില്ല; ഒടുവില്‍ മൊബൈല്‍ ഫ്ലാഷിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതി മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍

0
284

നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി എറണാകുളം മഹാരാജാസ് കോളജില്‍ പരീക്ഷ. കറണ്ടില്ലാത്തതിനാല്‍ ഇന്ന് നടന്ന ബിരുദം ഒന്നാം സെമസ്റ്റര്‍ പരീക്ഷ വിദ്യാര്‍ത്ഥികള്‍ എഴുതിയത് മൊബൈല്‍ ഫ്‌ലാഷിന്റെ വെളിച്ചത്തിലാണ്. കറണ്ട് പോയതിനെത്തുടര്‍ന്ന് പരീക്ഷ നടക്കുന്ന ഹാളില്‍ വെളിച്ചമില്ലാതായപ്പോള്‍ കോളജ് അധ്യാപകര്‍ തന്നെ മൊബൈല്‍ ഫ്‌ലാഷ് ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.

പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരരുതെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് സംഭവം. കോളജിലെ ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ ഫ്‌ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന ചിത്രങ്ങള്‍ പുറത്തെത്തിയതോടെയാണ് സംഭവം ചര്‍ച്ചയായത്.

കോളജില്‍ രാവിലെ മുതല്‍ കറണ്ടില്ലെന്നാണ് പരീക്ഷ ചുമതലയുള്ള അധ്യാപകര്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. തങ്ങള്‍ ഫ്‌ലാഷ് ലൈറ്റിന്റെ വെളിച്ചത്തിലാണ് പരീക്ഷയെഴുതിയതെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Leave a Reply