Pravasimalayaly

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തുലാസില്‍?; ശിവസേനയുടെ മന്ത്രിയും 10 എംഎല്‍എമാരും ഗുജറാത്തിലെ റിസോര്‍ട്ടില്‍; അട്ടിമറി നീക്കം ശക്തമാക്കി ബിജെപി

മുംബൈ: തിങ്കളാഴ്ച നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി. മന്ത്രി എക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ 10 ശിവസേന എംഎല്‍എമാരെ കാണാനില്ല. ഇവര്‍ ഗുജറാത്തിലെ സൂറത്തിലെ റി്‌സോര്‍ട്ടിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുമാബിജെപി നേതൃത്വം ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ മഹാ അഘാഡി സഖ്യത്തിലെ ആറ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തിരുന്നു. ശിവസേനയിലെയും കോണ്‍ഗ്രസിലെയും മൂന്ന് എംഎല്‍എമാരാണ് ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉച്ചയ്ക്ക് 12 മണിക്ക് എംഎല്‍എമാരുടെ യോഗം വിളിച്ചു. എല്ലാവരും ഹാജരാകണമെന്ന് ഉദ്ധവ് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അഞ്ച് സീറ്റിലും മഹാവികാസ് അഘാടി സഖ്യത്തിലുള്ള എന്‍സിപിയും ശിവസേനയും രണ്ട് വീതം സീറ്റുകളിലും ജയിച്ചിരുന്നു. പത്ത് എംഎല്‍സി സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അഞ്ചും മഹാവികാസ് അഘാടി സഖ്യം ആറ് സ്ഥാനാര്‍ഥികളെയാണ് നിറുത്തിയിരുന്നത്. അനിവാര്യമായ എണ്ണം കുറവായിരുന്നിട്ടും ബിജെപിയുടെ അഞ്ചു സ്ഥാനാര്‍ഥികളും ജയിച്ചു.

മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉള്ളത്. അഞ്ചു എംഎല്‍സിമാരെ തെരഞ്ഞെടുക്കാനുള്ള വോട്ട് ബിജെപിക്കില്ലായിരുന്നു. സ്വതന്ത്രരുടേയും മറ്റു പാര്‍ട്ടികളുടേയും എംഎല്‍എമാരുടേയും വോട്ട് ബിജെപിക്ക് കിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. ക്രോസ് വോട്ടിന് പിന്നാലെ കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമായി. ഏഴ് കോണ്‍ഗ്രസ് എംഎല്‍എ വോട്ട് മാറി ചെയ്തതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ചന്ദ്രകാന്ത് ഹണ്ഡാരെ പരാജയപ്പെട്ടിരുന്നു. സംഭവത്തില്‍ പാര്‍ട്ടി നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

Exit mobile version