Pravasimalayaly

വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ എ.കെ.ജി സെന്ററിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: പരാതിക്കാരിയെ അധിക്ഷേപിച്ച വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ എ.കെ.ജി സെന്ററിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജോസഫൈന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ എത്തിയതറിഞ്ഞാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ 9.30 ന് ആണ് എ.കെ.ജി സെന്ററിന് മുന്നില്‍ എത്തിയത്. കോണ്‍ഗ്രസ് പ്രതിഷേധം ഭയന്ന് ശക്തമായ പോലീസ് സന്നാഹമാണ് എ.കെ.ജി സെന്ററിന് മുന്നില്‍ നിലയുറപ്പിച്ചത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ലക്ഷമി, ഭാരവാഹികളായ ബിന്ദുചന്ദ്രന്‍, ഷീലാ രമണി എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇവരോട് പോലീസ് എ.കെ.ജി സെന്ററിന് മുന്നില്‍ നിന്നും മാറിപോകാന്‍ ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെ നില്‍ക്കുന്ന ഞങ്ങള്‍ എന്തിന് ഇവിടെ നിന്ന് പോകണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു. പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കുമെന്നു പറഞ്ഞെങ്കിലും നേതാക്കള്‍ കൂട്ടാക്കിയില്ല. പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ കന്റോണ്‍മെന്റ് വനിതാ സ്‌റ്റേഷനിലേയ്ക്ക് മാറ്റി. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് കഴിഞ്ഞശേഷമാണ് നേതാക്കളെ പോലീസ് വിട്ടയച്ചത്.  

Exit mobile version