ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവെച്ചു. ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെത്തുടർന്ന് രാജി വെക്കാനുള്ള കടുത്ത സമ്മർദ്ദം തന്റെ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുണക്കകത്ത് നിന്നുതന്നെ രജപക്സെക്ക് മേൽ ഉണ്ടായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ കഴിഞ്ഞ ദിവസവും രാജ്യത്ത് രണ്ടാം വട്ടവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കൻ സർക്കാരിന്റെ വക്താവ് തന്നെയാണ് രജപക്സെയുടെ രാജി വിവരം പുറത്തുവിട്ടത്.
‘പ്രധാനമന്ത്രി തന്റെ രാജിക്കത്ത് പ്രസിഡന്റിന് കൈമാറിയിട്ടുണ്ട്,” സർക്കാർ പ്രതിനിധി പറഞ്ഞു. പ്രസിഡന്റ് ഗോതബയ രജപക്സെയുടെ അനുകൂലികൾ പ്രതിഷേധ സമരക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജിയും. പ്രസിഡന്റ് ഗോതബയ രജപക്സെയുടെ സഹോദരൻ കൂടിയാണ് മഹീന്ദ രജപക്സെ.