മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകള്‍ തുറന്നു. നാലുഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറന്നത്. ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ കനത്ത മഴമൂലം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മലമ്പുഴ ഡാം തുറന്ന് ജലവിതാനം ക്രമീകരിച്ചിരുന്നു.
കല്‍പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും മുക്കൈപ്പുഴയിലും ജലനിരപ്പ് ഉയരും. അതിനാല്‍ പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. സെക്കന്റില്‍ 1068 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്കൊഴുക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ഷട്ടര്‍ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിരുന്നത്. എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടര്‍ തുറക്കുന്നത് തമിഴ്‌നാട് താമസിപ്പിച്ചു. ഒരു മണിയോടെയാണ് ഒടുവില്‍ ഷട്ടര്‍ തുറന്നത്. മണിക്കൂറില്‍ 0.1 ഘനയടി എന്ന തോതില്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നത് 0.05 ഘനയടിയിലേക്ക് താഴ്ന്നതോടെയാണ് ഷട്ടര്‍ തുറക്കുന്നത് തമിഴ്‌നാട് താമസിപ്പിച്ചത്.
ഒരു മണിയോടെ അണക്കെട്ടിലെ ജലനിരപ്പ് 137.5 അടിയിലേക്ക് എത്തി. ഇതിനു പിന്നാലെയാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറന്നത്. റൂള്‍ കര്‍വ് പാലിച്ചാണ് തമിഴ്‌നാടിന്റെ നടപടി. മൂന്ന് ഷട്ടറുകളിലൂടെ സെക്കന്റില്‍ 534 ഘനയടി വെള്ളമാണ് ആദ്യം പുറത്തേക്കോഴുക്കിയത്. 3 മണിയോടെ 3 ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ആളവ് ഇരട്ടിയായി. 6 ഷട്ടറുകള്‍ തുറന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. സെക്കന്റില്‍ ആറായിരം ഘടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറൂ. എന്നാലും പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.