ബാബുവിന്റെ അടുത്ത് കരസേനാ രക്ഷാസംഘം എത്തി, ആരോഗ്യപ്രശ്‌നങ്ങളില്ല; വെല്ലുവിളിയായി ചെങ്കുത്തായ മലയും വന്യജീവികളും

0
47

പാലക്കാട് മലമ്പുഴയില്‍ മലയുടെ മുകളില്‍ കുടുങ്ങിക്കിടക്കുന്ന ബാബുവിന്റെ അടുത്ത് രക്ഷാസംഘം എത്തി. കരസേനയുടെ രക്ഷാസംഘത്തിലെ മലയാളി സൈനികന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഏറെ ആയാസപ്പെട്ടാണ് രക്ഷാസംഘം മല കയറുന്നത്. ചെങ്കുത്തായ മല രക്ഷാസംഘത്തിനു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതോടൊപ്പം, മൂന്ന് കരടികളെയും കണ്ടു എന്ന് സൈനികന്‍ വിഡിയോയില്‍ പറയുന്നു. സംഘം ഏകദേശം ബാബുവിന് അടുത്തെത്താനായി എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബാബുവിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് ലഭിച്ചത്. 40 മണിക്കൂറിലധികമായിട്ടും ബാബുവിന് ഏറെ ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. പാറയിടുക്കിലെ പൊത്തില്‍ എഴുന്നേറ്റ് നിന്ന് ഡ്രോണ്‍ ക്യാമറയോട് ബാബു പ്രതികരിക്കുന്നുണ്ട്. വയറില്‍ തൊട്ട് കൈ കൊണ്ട് തനിക്ക് വിശക്കുന്നു എന്ന് ബാബു ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ബാബു ഉടന്‍ പുറത്തെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിനരികെയെത്തി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടര്‍മാര്‍ സജ്ജരാകണമെന്ന് കരസേന നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സും ബേസ് ക്യാമ്പുമൊക്കെ സജ്ജമാണ്. ഫോറസ്റ്റ് ഗെയ്ഡുകള്‍ അടങ്ങുന്ന ഒരു സംഘം കൂടി ഇപ്പോള്‍ പുറപ്പെട്ടിട്ടുണ്ട്.

രാത്രി തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വെളിച്ചം ഇല്ലാതിരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ വെളിച്ചം വീണിട്ടുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ അല്പം കൂടി കാര്യക്ഷമമായി നടക്കുകയാണ്. 43 മണിക്കൂറായി ബാബു ഭക്ഷണവും വെള്ളവും കഴിച്ചിട്ടില്ല.

ഒന്‍പത് പേരടങ്ങുന്ന കരസേനാ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ കേണല്‍ ഹേമന്ദ് രാജാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ബാബുവുമായി കരസേനാ ദൗത്യസംഘം സംസാരിച്ചു.കരസേനാ സംഘത്തിന്റെ സാന്നിധ്യമറിഞ്ഞ ബാബു താനിവിടെ ഉണ്ടെന്ന അര്‍ത്ഥത്തില്‍ കൂവി. നിന്റെ എനര്‍ജി കളയണ്ട, അവിടെ തന്നെ സുരക്ഷിതമായി ഇരിക്ക് എന്ന് രക്ഷാപ്രവര്‍ത്തകര്‍ മറുപടി പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബാബുവിന് ഉടന്‍ തന്നെ ഭക്ഷണവും വെള്ളവും നല്‍കാന്‍ കഴിയുമെന്ന് സംഘം വ്യക്തമാക്കി.

Leave a Reply