Pravasimalayaly

അതിര്‍ത്തിയിലെത്താന്‍ കിലോമീറ്ററുകളോളം നടന്നു; യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ദുരിതത്തിലാണെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍

യുക്രൈനിലെ യുദ്ധസാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലേക്കുള്ള രണ്ടാം സംഘം ഇന്ന് പുലര്‍ച്ചെയോടെ ഡല്‍ഹിയിലെത്തിയിരുന്നു. യുക്രൈനില്‍ നിന്നും അതിര്‍ത്തിയിലേക്കുള്ള യാത്ര യുക്രൈന്‍ പൊലീസിന്റെ അകമ്പടിയിലായിരുന്നെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

റൊമാനിയന്‍ അതിര്‍ത്തിയിലേക്കുള്ള ഗതാഗതക്കുരുക്ക് കാരണം കിലോമീറ്ററുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബാഗേജുകളുമെടുത്ത് നടക്കേണ്ടിവന്നത്. ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സുഗമമായി യുക്രൈന്‍ അതിര്‍ത്തി കടക്കാമെന്നും യുക്രൈനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ദുരിതത്തിലാണെന്നും മടങ്ങിയെത്തിയവര്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയോടെ യുക്രൈനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരെകൂടി ഡല്‍ഹിയിലെത്തിച്ചു. റൊമേനിയ വഴിയുള്ള രണ്ടാം സംഘമാണ് എത്തിയത്. 17 മലയാളികളക്കം 250 വിദ്യാര്‍ത്ഥികളാണ് ഈ സംഘത്തിലുള്ളത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. മലയാളികളെ കേരള ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്കായി നോര്‍ക്ക 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Exit mobile version