Sunday, October 6, 2024
HomeNewsKeralaകണിയും കൈനീട്ടവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു

കണിയും കൈനീട്ടവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു

കൊച്ചി: ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ കുറഞ്ഞതിനാൽ ആഘോഷത്തിമർപ്പിലാണ് നാടും നഗരവും.

സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.

വിഷു ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ട്വിറ്ററിലൂടെയാണ് ആശംസകൾ അറിയിച്ചത്. “വിഷുവിന്റെ പ്രത്യേക വേളയിൽ, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ. ആവോളം സന്തോഷവും നല്ല ആരോഗ്യവും നിറഞ്ഞ വർഷത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു”, അദ്ദേഹം കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ നേർന്നു, “ഐശര്യവും സമൃദ്ധിയും കളിയാടുന്ന പുതിയ പുലരിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് വിഷു നമുക്ക് സമ്മാനിക്കുന്നത്. നാടിൻ്റെ സമഗ്രവും സർവതലസ്പർശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താൻ നമുക്ക് കൈകോർക്കാം. എല്ലാവർക്കും ആഹ്ലാദപൂർവ്വം വിഷു ആശംസകൾ നേരുന്നു” അദ്ദേഹം കുറിച്ചു.

മേടസംക്രാന്തി ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. ഓട്ടുരുളിയില്‍ ഫലവര്‍ഷങ്ങളും ധാന്യങ്ങളും നാളികേരവും കൃഷ്ണവിഗ്രഹവും കൊന്നപ്പൂവും ഒരുക്കിയാണ് കണിവെക്കുക. ഒപ്പം രാമായണവും ഉണ്ടാകും. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ടിലെ മുതിര്‍ന്നവര്‍ കണിയൊരുക്കും. പിന്നീട് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കണി കാണിക്കും. കണികണ്ടതിന് ശേഷം കൈനീട്ടം നല്‍കലും പതിവാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments