മാൻഡോസ് ചുഴലിക്കാറ്റ് കര തൊട്ടു. തമിഴ്നാട്ടിലെ മഹാബലിപുരത്തിനു സമീപമായാണ് ചുഴലിക്കാറ്റ് കര തൊട്ടത്. തമിഴ്നാട്ടിലെ തീരമേഖലയിൽ ശക്‌തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ചെന്നൈയിലും കനത്ത മഴയാണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യുനമര്ദം ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിശദമാക്കുന്നത്. 65 കിലോമീറ്റര് വേഗതയിലാണ് കാറ്റു വീശുന്നത്.
വടക്ക് പടിഞ്ഞാറൻ ദിശയിലാണ് കാറ്റിന്‍റെ സഞ്ചാരം. വൈകിട്ടോടെ ന്യുനമര്ദം ആയി ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവെള്ളൂര്‍ , കടലൂര്‍ വിഴുപ്പുറം റാണിപ്പേട്ട് തുടങ്ങിയ ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ജില്ലാഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതുചേരി മുതൽ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്.. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.