Pravasimalayaly

പി.പി.ഇ കിറ്റില്‍ വന്‍ അഴിമതി നടത്തി; അസം മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മനീഷ് സിസോദിയ

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ ഗുരുതര അഴിമതിയാരോപണവുമായി ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് പി.പി.ഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ ഹിമന്ത ബിശ്വ ശര്‍മ നല്‍കിയെന്നാണ് ആരോപണം. പി.പി.ഇ കിറ്റിന് വിപണി വിലയേക്കാള്‍ ഉയര്‍ന്ന വില നല്‍കിയതെന്നും മനീഷ് സിസോദിയ ആരോപിച്ചു. അറുന്നൂറ് രൂപയുടെ പി.പി.ഇ കിറ്റുകള്‍ തൊള്ളായിരത്തി തൊണ്ണൂറ് രൂപയ്ക്ക് വാങ്ങിയതിന്റെ രേഖകളും സിസോദിയ പുറത്ത് വിട്ടു.

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ അറസ്റ്റിന് പിന്നാലെയാണ് ആരോപണവുമായി സിസോദിയ രംഗത്തെത്തിയത്.

‘സ്വന്തം ഭാര്യയുടെ കമ്പനിക്കാണ് ഹിമന്ത ബിശ്വ ശര്‍മ കരാര്‍ നല്‍കിയത്. മറ്റൊരു കമ്പനിയില്‍നിന്ന് എല്ലാവരും 600 രൂപ കൊടുത്ത് ഒരു കിറ്റ് വാങ്ങിയ സമയത്ത് ഒന്നിന് 990 രൂപ നല്‍കിയാണ് അസം സര്‍ക്കാര്‍ പി.പി.ഇ കിറ്റുകള്‍ വാങ്ങിയത്. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്.

ഈ അഴിമതി തെളിയിക്കുന്ന കൃത്യമായ രേഖകള്‍ തന്റെ പക്കലുണ്ടെന്നും സിസോദിയ അവകാശപ്പെട്ടു. തങ്ങളുടെ നേതാവിനെതിരേ നടപടി സ്വീകരിക്കാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 

അതേസമയം സാമ്പത്തിക തട്ടിപ്പുകേസില്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

2015-16 കാലഘട്ടത്തില്‍ കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുള്ള ഹവാല ഇടപാടില്‍ പങ്ക് ആരോപിച്ചായിരുന്നു അറസ്റ്റ്. ആം ആദ്മി പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പുതിയ പോരിലേക്ക് അറസ്റ്റ് വഴിവച്ചിരിക്കുകയാണ്. 

ഇതിന് പിന്നാലെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ ഗുരുതര അഴിമതിയാരോപണവുമായി ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തുന്നത്.

Exit mobile version