Pravasimalayaly

മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് 70ലക്ഷം തട്ടി, നൈജീരിയക്കാര്‍ അറസ്റ്റില്‍

മഞ്ചേരി സഹകരണ ബാങ്കില്‍ സെര്‍വര്‍ ഹാക്കു ചെയ്ത് നൈജീരിയക്കാര്‍ 70 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിയെടുത്ത 47 ലക്ഷം രൂപ മരവിപ്പിച്ചതായും പണം പൂര്‍ണമായി വീണ്ടെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ബാങ്ക് ചെയര്‍മാന്‍ അറിയിച്ചു. നഷ്ടപ്പെട്ട പണം ഉപഭോക്താക്കള്‍ക്ക് ഒരാഴ്ചയ്ക്കകം തിരികെ നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

ഇന്നലെ ഡല്‍ഹിയില്‍ വച്ച് നൈജീരിയന്‍ സ്വദേശികളായ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ക്ക് പണം കൈമാറിയെന്നും നൈജീരിയന്‍ സ്വദേശികള്‍ പൊലീസിന് മൊഴി നല്‍കി. സെര്‍വര്‍ ഹാക്കു ചെയ്യാന്‍ ഇടനിലക്കാര്‍ സഹായിച്ചതായും സൂചനയുണ്ട്. ഇതാദ്യമായാണ് സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് നൈജീരിയക്കാര്‍ പണം തട്ടുന്നത്. ബാങ്കുകള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന കമ്പനികള്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബാങ്കിലെ മറ്റാര്‍ക്കും ഇതില്‍ പങ്കില്ല എന്നാണ് ബാങ്ക് ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞത്.

തട്ടിയെടുത്ത 70 ലക്ഷം രൂപയില്‍ 21ലക്ഷം രൂപയും നഷ്ടപ്പെട്ടത് വിരമിച്ച അധ്യാപിക സുബൈദയ്ക്കാണ്.പണം പിന്‍വലിച്ചതായി കാണിച്ച് എസ്എംഎസുകള്‍ വന്നതായി സുബൈദ മാധ്യമങ്ങളോട് പറഞ്ഞു.ബാങ്ക് അവധിയായിനാല്‍ അന്ന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സുബൈദ പറയുന്നു. അതിനിടെ ഓഗസ്റ്റ് 13,14,15 അവധിദിനങ്ങളിലാണ് തട്ടിപ്പ് നടന്നതെന്ന് ബാങ്ക് ചെയര്‍മാന്‍ അറിയിച്ചു. തട്ടിയെടുത്ത 70ലക്ഷം രൂപയുടെ 47ലക്ഷം രൂപ മരവിപ്പിച്ചു. പണം പൂര്‍ണമായി വീണ്ടെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നഷ്ടപ്പെട്ട പണത്തെ ഓര്‍ത്ത് ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടെന്നും  ഉപഭോക്താക്കള്‍ക്ക് ഒരാഴ്ചയ്ക്കകം പണം തിരികെ നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

Exit mobile version