Pravasimalayaly

കാപ്പന്‍ ഇഫക്ടില്‍ ഇളകി ജോസ്

പാലായില്‍ കളംപിടിക്കാനായി പദയാത്രയുമായി ജോസ്  കെ മാണി കോട്ടയം: പാലായില്‍ മാണിസി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കളം പിടിക്കാനായി എതിരാളി ജോസ് കെ മാണി. മാണി സി കാപ്പന് സഹതാപ വോട്ടും ഇടതുപക്ഷത്തി നിന്നുമുള്ള വോട്ടുകളും വീഴാന്‍ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിനു പിന്നാലെയാണ് ജോസ് കെ മാണി പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പദയാത്രകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ എപ്പോഴും കെ.എം മാണിക്ക് ലഭിച്ചിരുന്നു. എന്നാല്‍ പാലായില്‍ കഴിഞ്ഞ തവണ ക്രൈസ്തവ വോട്ടുകള്‍ നല്ലതോതില്‍ മാണി സി കാപ്പന് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. കൂടാതെ കഴിഞ്ഞ ഒന്നര വര്‍ഷത്തെ  മാണി സി കാപ്പന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളും കാപ്പന് എറെ ജന പിന്തുണ ലഭിച്ചതായാണ് കേരളാ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് ചേക്കേറിയപ്പോഴും ഇടതു പ്രവര്‍ത്തകര്‍ നല്കിയ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തു നിന്നുമുള്ള വോട്ടും മാണി സി കാപ്പന് വീഴാന്‍ സാധ്യതയുണ്ട്. ബിജെപിയുടെ വോട്ടുകള്‍ ഒരു പരിധി വരെ മുന്‍കാലങ്ങളില്‍ കെ.എം മാണിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ജോസ് കെ മാണി സ്ഥാനാര്‍ഥിയാവുന്നതോടെ ആ വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിക്കുമോ അതോ മറ്റിടങ്ങളില്‍ വീഴുമോ എന്നതും ചോദ്യമായി ഉയരുന്നു. ലോക്‌സഭാ കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കി നില്‌ക്കെ ലോക്‌സഭാംഗത്വം രാജിവെച്ച ജോസ് കെ മാണി അധികാരം സുരക്ഷിതമാക്കാനാണ് രാജ്യസഭയിലേക്ക് പോയതെന്നും അതിനു ശേഷം വീണ്ടും രാജ്യസഭാംഗത്വം രാജിവെച്ചാണ് ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി രംഗത്തെത്തുനന്തെന്നുമുള്ള കാര്യങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് മാണി സി കാപ്പനും യുഡിഎഫും നടത്തുന്നത്. ഇത് എത്രമാത്രം ജോസ് കെ മാണിക്ക് പ്രതിരോധിക്കാന്‍ കഴിയുമെന്ന ചോദ്യവും അവശേഷിക്കുന്നു.

Exit mobile version