വിരുന്നു കഴിക്കാനെത്തിയവർ വീട്ടുകാരായ സ്ഥിതിയെന്ന് മാണി സി കാപ്പൻ

0
52

എൽ ഡി എഫിൽ നിന്നുള്ള വിടവാങ്ങൽ നടത്തിക്കൊണ്ട് കാപ്പൻ്റെ ഫേസ് ബുക്ക് പോസ്റ്റ്. പ്രിയപ്പെട്ട പാലാക്കാരേ എന്നു തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ,

പാലായിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചു ഞാൻ എടുത്ത തീരുമാനങ്ങളും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. എന്നിരുന്നാലും എന്നെ വോട്ട് ചെയ്തു വിജയിപ്പിച്ച പാലായിലെ വോട്ടർമാർക്ക് ഒരു വിശദീകരണം നൽകേണ്ടത് എൻ്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

പാലാ നിയോജകമണ്ഡലം ഇടതുപക്ഷത്തിന് എന്നും ഒരു ബാലികേറാമല ആയിരുന്നു. ജയസാധ്യത ഇല്ലാത്ത സീറ്റുകളുടെ പട്ടികയിൽ ആദ്യം ഇടം പിടിച്ചിരുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു പാലായും. 2006ഇൽ ഞാൻ ആദ്യമായി മത്സരിക്കുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാൽ എല്ലാ ഭാഗത്തു നിന്നും വന്ന നിരുത്സാഹപ്പെടുത്തുന്ന വാക്കുകളെ അവഗണിച്ചു വിജയം തന്നെ മുന്നിൽ കണ്ടാണ് പോരിനിറങ്ങിയത്. അതേ ആവേശം ഇടതുപക്ഷ പ്രവർത്തകർ ഏറ്റെടുക്കുകയും ആത്മാർത്ഥമായി പ്രവർത്തിക്കുകയും, വികസനം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളും മണ്ഢലത്തിലെ വ്യക്തിബന്ധങ്ങളും കൂടെനിൽക്കുകയും ചെയ്തപ്പോൾ മുൻപെങ്ങുമില്ലാത്ത മുന്നേറ്റമാണ് ഇടതുപക്ഷത്തിനുണ്ടായത്. ആദ്യ ശ്രമത്തിൽ തന്നെ മുൻതവണത്തേതിന്റെ പകുതിയിൽ താഴെയായി KM മാണി എന്ന അതിശക്തനായ എതിരാളിയുടെ ഭൂരിപക്ഷം. പിന്നീടിങ്ങോട്ട് രണ്ടു തവണയായി ആ ഭൂരിപക്ഷം 4700ഇൽ എത്തിക്കാനും സാധിച്ചു. പരമ്പരാഗതമായി യുഡിഫ് നു വലിയ മേൽക്കൈ ഉണ്ടായിരുന്ന പാലാ മണ്ഡലത്തിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ഈ മുന്നേറ്റം സഹായിച്ചു എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് മാത്രം അല്ല, ഭൂരിപക്ഷം കുറയുകയും ഒരു പരാജയഭീതി വരുകയും ചെയ്തപ്പോൾ പാലയിലെ വികസനകാര്യങ്ങളിൽ ഒരു ശ്രദ്ധയും വേഗവും ഉണ്ടാക്കുവാൻ എതിർകക്ഷിക്ക് കൂടുതൽ താല്പര്യം ഉണ്ടായി എന്നും അതിൻ്റെ ഗുണം മണ്ഡലത്തിന് കിട്ടി എന്നും എല്ലാവര്ക്കും ബോധ്യമുള്ള കാര്യം ആണ്.

ശ്രീ KM മാണി സാറിൻ്റെ നിര്യാണത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ മുമ്പെങ്ങുമില്ലാത്ത ആവേശത്തോടെയാണ് മുന്നണിയും പ്രവർത്തകരും പ്രവർത്തിച്ചത്. ഇതിൽ ഇടതുപക്ഷ നേതാക്കൾ, എംഎൽഎ മാർ, എംപി മാർ , മന്ത്രിമാർ, ബഹു.മുഖ്യമന്ത്രി എന്നിവർ ശക്തമായ പങ്കു വഹിച്ചു. അതിൻറെ കൂടെ ഫലമായി ചരിത്രം കുറിച്ചുകൊണ്ട് പാലായിൽ ആദ്യമായി ഇടതുമുന്നണി വിജയക്കൊടി പാറിച്ചു. അതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ഈ വിജയം മുന്നണിക്ക് കരുത്തായി. പാലായെക്കുറിച് ഒരുപാട് പദ്ധതികളും പ്രതീക്ഷകളുമായാണ് ഞാൻ നിയമസഭയുടെ പടി ചവിട്ടിയത്. ആദ്യ ഘട്ടത്തിൽ മികച്ച പ്രതികരണമാണ് സർക്കാരിൽ നിന്നും ലഭിച്ചത്. മുടങ്ങിക്കിടന്ന പല പദ്ധതികൾക്കും ജീവൻ വച്ച് തുടങ്ങുകയും ചെയ്തു.

ജയിച്ച ശേഷം എന്റെ മുന്നിൽ വന്ന ഒരാളുടെയും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ അവരെ എന്നാൽ കഴിയും വിധം സഹായിക്കാൻ ഞാൻ ശ്രമിച്ചു എന്ന് നെഞ്ചിൽ കൈ വച്ച് പറയാൻ എനിക്ക് സാധിക്കും. കേവലം ഒരു വര്ഷം കൊണ്ട് എന്റെ കഴിവിന്റെ പരമാവധി പാലായ്ക്കു വേണ്ടിയും പാലാക്കാർക്കു വേണ്ടിയും പ്രവർത്തിച്ചു എന്ന് എനിക്കുറപ്പുണ്ട്.ഞാൻ ജയിച്ചാൽ പിന്നെ മണ്ഡലത്തിൽ കാണില്ല എന്ന് പറഞ്ഞവരേക്കാൾ അധികം മണ്ഡലത്തിൽ ഞാൻ സജീവമായിരുന്നു എന്ന് ഞാൻ പറയാതെ തന്നെ എന്റെ നാട്ടുകാർക്കറിയാം.

പിന്നീട് മാറിവന്ന രാഷ്ട്രീയ സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ ഒരു വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായി. മുന്നണിയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന ധാരണയിൽ ഞാനും പാർട്ടിയും അതിനെ പിന്തുണക്കുകയും ചെയ്തു. എന്നാൽ വിരുന്നു വന്നവർ വീട്ടുകാരാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിമര്ശനവിധേയമായ പരസ്യ പ്രതികരണങ്ങൾക്ക് എന്നെ പ്രേരിപ്പിച്ചത് “പാലാ ഹൃദയവികാരമാണ്” എന്ന് പറഞ്ഞുടങ്ങിയ ആ വിഭാഗത്തിന്റെ പ്രസ്താവനകളാണ്. ഇതോടൊപ്പം മുന്നണിയിൽ തന്നെ പലയിടത്തും നടന്ന അനൗദ്യോഗിക ചർച്ചകളും മണ്ഡലം അവര്ക്ക് കൈമാറാനുള്ള നീക്കങ്ങൾ സജീവമാകുന്നതിന്റെ സൂചനയായി. എന്നാൽ ഏറെ വേദനിപ്പിച്ചത് ഇതൊന്നുമല്ല. വികസന പദ്ധതികളുടെ ക്രെഡിറ്റ് എനിക്ക് ലഭിക്കും എന്ന ഭയത്താലാവാം പാലായിലുള്ള പദ്ധതികളിൽ പൊതുവെ ഒരു നിസ്സംഗതയും
മെല്ലെപ്പോക്കും കണ്ടു തുടങ്ങി. മുന്പില്ലാത്ത വിധം ചുവപ്പുനാടയുടെ കുരുക്കളും തടസങ്ങളുമായി. എല്ലാ തിരഞ്ഞെടുപ്പുകളിലും എനിക്കെതിരെ ആരോപിച്ചിരുന്ന എന്നാൽ എനിക്ക് യാതൊരു പങ്കും ഇല്ലാത്ത പാലാ ബൈപാസ് പ്രശനം ഒരു ഉദാഹരണം മാത്രം. സ്ഥലം ഏറ്റെടുക്കുന്നതിനായി 10 കോടി 11 ലക്ഷം രൂപ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ സെപ്റ്റംബർ 28 നു എത്തിയതാണ്. ഇത് വരെ അത് പൂർത്തീകരിച്ചിട്ടില്ല. അനാവശ്യമായ തടസ്സങ്ങൾ ഉന്നയിക്കുകയാണ് ഇപ്പോൾ. അത് പോലെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട കളരിയമ്മാക്കൽ പാലത്തിന്റെ അപ്പ്രോച്ച് റോഡിൻറെ പണിയും വൈകുന്നു. അങ്ങനെ പൊതുമരാമത്ത്, ജലസേചനം തുടങ്ങിയ പല വകുപ്പുകളിലും ഈ മെല്ലെ പോക്ക് തുടരുന്നതിന്റെ ഫലമായി പല പദ്ധതികളും പൂർത്തീകരിക്കുനതിൽ കാലതാമസം ഉണ്ടാവുന്നു.

ഞാനും അരിയാഹാരം കഴിച്ചു ഈ നാട്ടിൽ തന്നെയല്ലേ ജീവിക്കുന്നത്. ചുവരെഴുത്തു എന്താണെന്നു മനസിലാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണമെന്നില്ല. മണ്ഡലം കൈമാറുകയാണെന്നു എന്നോട് നേരിട്ട് പറഞ്ഞാൽ കുറച്ചുകൂടി മര്യാദ അതിനുണ്ടായിരുന്നു. പകരം തീരുമാനം വൈകിപ്പിച്ചു ഒന്നുമില്ലാത്തിടത്തു എന്നെ എത്തിക്കാനുള്ള ശ്രമം രാഷ്ട്രീയമര്യാദയായില്ല എന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ഈ കാലമത്രയും ഈ മുന്നണിയുടെ കൂടെ നിന്ന ഒരു കക്ഷിക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിൽ പോലും അതിനൊരു ന്യായീകരണം ഉണ്ടായിരുന്നു.

ഒന്നര പതിറ്റാണ്ടോളം നീണ്ട ഈ പോരാട്ടത്തിൽ വ്യക്തിപരമായി എനിക്കുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. ആയുസ്സിന്റെയും സമ്പാദ്യത്തിന്റെയും വലിയൊരു ഭാഗമാണ് ഞാൻ ഈ മുന്നണിക്കുവേണ്ടി ചെലവാക്കിയത്. ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധ കുറഞ്ഞത് കൊണ്ടുണ്ടായ നഷ്ടങ്ങളും പ്രശ്നങ്ങളും വേറെയും. ഇതൊക്കെ ആരെങ്കിലും നിർബന്ധിച്ചു ചെയ്യിച്ചതാണോ എന്ന് ചോദിച്ചാൽ അല്ല. പാലായെപ്പറ്റിയുള്ള എന്റെ സ്വപ്നങ്ങൾ നടപ്പാക്കാനുള്ള ആഗ്രഹം, പാലായ്ക്കുവേണ്ടി ദീർഘവീക്ഷണമുള്ള ഒരുപാടു പദ്ധതികൾ നടപ്പിലാക്കിയ എന്റെ പിതാവ് ചെറിയാൻ ജെ കാപ്പന്റെ പാത പിന്തുടരാനുള്ള ആഗ്രഹം, കൂടെ നിൽക്കുന്ന പ്രവർത്തകരുടെ സ്നേഹവും ആവേശവും, ഇതൊക്കെയാണ് ഓരോ തവണ തോൽക്കുമ്പോഴും വീണ്ടും പോരാടാൻ എനിക്ക് കരുത്തു നൽകിയത്. ഈ കഴിഞ്ഞ കുറച്ചു ആഴ്ചകളായി പാലാ ഉപേക്ഷിക്കാൻ എനിക്ക് പലവിധ ഓഫറുകളും ലഭിച്ചതായി കണ്ടു. ചിലതു സത്യവും ചിലതൊക്കെ മാധ്യമ സൃഷ്ടികളും. അതൊക്കെ വേണ്ട എന്ന് വെക്കാൻ കാരണം, എവിടെനിന്നെങ്കിലും ജയിച്ചു ഒരു MLAയൊ MPയൊ ആകാൻ അല്ല ഞാൻ ഇത്രയധികം കഷ്ടപ്പെട്ടത്, പാലായെ പ്രതിനിധീകരിക്കാനാണ്, പാലായെ മാത്രം. സമൂഹമാധ്യമങ്ങളിൽ എതിർകക്ഷികൾ (പുതിയതായി കൂടെവന്ന കക്ഷികൾ എന്നു പറയുന്നതാവും കൂടുതൽ ശരി) എന്നെ ഒരു സ്ഥാനമോഹിയായി പ്രചരിപ്പിക്കുന്നത് കണ്ടു. ഒരു ചെറിയ തിരുത്തു ഉണ്ട് – മോഹിച്ചത് പാലായെ ആണ്. മറ്റൊന്നും എനിക്ക് അതിനു പകരമാകില്ല. പാലായെപ്പറ്റിയുള്ള എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഉള്ള ശ്രമം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. അതിനു വേണ്ടി ഏതറ്റം വരെയും പോകുവാനും ഞാൻ തയാറാണ്.

ഒരു ദുഷ്പ്രചരണം നടക്കുന്നത് എന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് ഞാൻ ജയിച്ചത് എന്ന് ഞാൻ കരുതുന്നു എന്നാണ്. ഒരിക്കലുമില്ല. 2006 മുതൽ എന്റെ ഒപ്പം നിന്ന ഇടതുപക്ഷ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനം തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ കരുത്തു. ഇത്തരം പ്രചരണങ്ങൾ വരുന്നത് യഥാർത്ഥ ഇടതുമുന്നണി പ്രവർത്തകരിൽ നിന്നല്ല എന്നെനിക്കുറപ്പുണ്ട് . ജനത്തിന് മുകളിൽ അല്ല ജനപ്രതിനിധി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മുന്നണി നേതൃത്വം എന്നോട് ചെയ്തത് കടുത്ത രാഷ്ട്രീയ അനീതിയാണെന്ന് വിശ്വസിക്കുമ്പോഴും, സ്വതന്ത്രമായി ചിന്തിക്കുന്ന ഇടതുപ്രവർത്തകർ എന്റെയൊപ്പം ഉണ്ടാകും എന്നെനിക്കുറപ്പുണ്ട്.ഒന്നരപതിറ്റാണ്ട് എന്റെ കൂടെ നിന്ന പ്രവർത്തകരോട് നന്ദി പറയാനും ഈ അവസരം ഞാൻ വിനിയോഗിക്കുന്നു. മുന്നണിമാറിയാലുടൻ മറുവശത്തുള്ളവരൊക്കെ മോശക്കാരാണ് എന്ന് പറയുന്ന പൊതുപ്രവർത്തകരുടെ നിരയിൽ എന്നെ കൂട്ടരുത് എന്നൊരു അഭ്യര്ഥനയുണ്ട്.

മുൻപ് ഇങ്ങനെ മുന്നണി മാറി തോറ്റവരുടെ ലിസ്റ്റ് ഒക്കെ കാണിച്ചു എന്നെ ഭീഷണിപ്പെടുത്തുന്ന ചില പ്രചാരണങ്ങളും കണ്ടു. അവരോടൊക്കെ ഒന്നേ പറയാനൊള്ളൂ – ഒരു ദിവസം ഇരുട്ടി വെളുത്തപ്പോഴല്ല മാണി സി കാപ്പൻ MLA ആയത്. നല്ല വൃത്തിയായി KM മാണി എന്ന അതികായനോട് 3 വട്ടം തോറ്റിട്ടാണ്. ഇനി ഒരു തവണ കൂടി എൻ്റെ പ്രിയപ്പെട്ട പാലാക്കാർ അങ്ങനെ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിച്ചു അന്തസ്സായി ഇരിക്കും. പാലായെ പലരുടെയും സ്വാര്ഥതാല്പര്യങ്ങൾക്ക് കുരുതി കൊടുത്തു അടിയറവു പറയുന്നതിലും അന്തസ്സ് അതിനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനമാണ് ഞാൻ എടുത്തിരിക്കുന്നത്. ഇതിനു പിന്നിലുള്ള വേദനയും വികാരവും എന്റെ പ്രിയപ്പെട്ട പാലാക്കാർ മനസിലാക്കും എന്നെനിക്കുറപ്പുണ്ട്. എല്ലാവരുടെയും സ്നേഹവും പിന്തുണയും താഴ്മയായി അഭ്യർത്ഥിക്കുന്നു

Leave a Reply