Pravasimalayaly

കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ് പ്രതി മണിച്ചന്റെ മോചനം; ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി

കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കുന്നതില്‍ നാല് ആഴ്ചകള്‍ക്കകം തീരുമാനമെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി. ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. മോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു.

മണിച്ചന്റെ മോശനം ആവശ്യപ്പെട്ട് ഭാര്യ ഉഷാ ചന്ദ്ര നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം. പേരറിവാളന്‍ കേസ് പരാമര്‍ശിച്ച കോടതി അത് ഓര്‍മയുണ്ടാവണമെന്നും സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നല്‍കിയിട്ടും ജയില്‍ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു.

 ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കില്‍ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ ജാമ്യം നല്‍കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മണിച്ചന്‍ ഉള്‍പ്പടെയുള്ള തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ നിലവില്‍ ഗവര്‍ണറിന്റെ പരിഗണനയിലാണ്.

31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രന്‍ മണിച്ചന്‍. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തമുണ്ടായത്.

Exit mobile version