Pravasimalayaly

ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായംകൊണ്ട് കുത്തി വെള്ളത്തില്‍ തള്ളിയിട്ടു പോലീസ് ബോട്ട് ക്ലബ്ബ് അംഗം, മുന്നിലുള്ള ചുണ്ടന്‍ മുങ്ങി; ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ വിശദീകരണവുമായി പോലീസ്

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ നടന്ന 56ാമത് മഹാത്മാഗാന്ധി ജലോത്സവത്തിനിടെ ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായംകൊണ്ട് കുത്തിയ സംഭവത്തില്‍ പോലീസിന്റെ വിശദീകരണം. നിരണം ചുണ്ടന്റെ മൂന്നാം ട്രാക്കിലേക്ക് ചെറുതന ചുണ്ടന്‍ കടന്നു കയറി എന്നാണ് പോലീസ് പറയുന്നത്. ചെറുതനയുടെ തുഴച്ചിലുകാര്‍ പങ്കായംകൊണ്ട് ആക്രമിച്ചതിനെത്തുടര്‍ന്ന് രണ്ടു പോലീസുകാര്‍ക്ക് പരിക്കുപറ്റി. ഡ്രോണ്‍ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇതെല്ലാം മനസിലാകും പോലീസ് വിശദീകരിക്കുന്നു.

നിരണം ചുണ്ടനാണ് പോലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞത്. ഇവര്‍ മൂന്നാം ട്രാക്കിലായിരുന്നു. ചെറുതന ചുണ്ടന്‍ രണ്ടാം ട്രാക്കിലായിരുന്നു. രണ്ടാം ട്രാക്കിലുള്ള ചെറുതന ചുണ്ടന്‍ മൂന്നാം ട്രാക്കിലെ നിരണം ചുണ്ടനെ ആദ്യം മുതല്‍ തന്നെ ബ്ലോക്ക് ചെയ്തു. മുന്നോട്ട് തുഴഞ്ഞു പോകാന്‍ തടസ്സം സൃഷ്ടിച്ചുവെന്നും രണ്ടു പോലീസുകാര്‍ക്ക് ചെറുതന ചുണ്ടന്റെ തുഴച്ചിലുകാരില്‍ നിന്ന് ആക്രമണം ഉണ്ടായെന്നും രണ്ടുപേര്‍ ആശുപത്രിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു മഹാത്മാഗാന്ധി ജലോത്സവം അരങ്ങേറിയത്. കേരള പോലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടന്‍ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പോലീസ് ക്ലബ് അംഗം ചെറുതനയിലെ അമരക്കാരനെ തള്ളി താഴെ ഇടുകയായിരുന്നു. ഇതോടെ ചെറുതന ചുണ്ടന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങി.

Exit mobile version