Pravasimalayaly

വിടവാങ്ങിയത് ചിരിയുടെ നല്ല ഇടയൻ:പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയതെന്ന് മുഖ്യമന്ത്രി

mar crisostam

മാർത്തോമ്മാ വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കാലംചെയ്തു. 104 വയസ്സായിരുന്നു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ 1.15-നായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപ് ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് മെത്രാപ്പൊലീത്തായെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന് നടന്ന ആന്റിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും മൂത്രത്തിലെ അണുബാധയും മറ്റ് അസ്വസ്ഥതകളുമുള്ളതിനാൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആരോഗ്യനിലയിൽ മാറ്റമുണ്ടായതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ, വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. രാത്രിയോടെ സ്ഥിതി മോശമാകുകയായിരുന്നു. എട്ടുവർഷത്തോളം സഭാധ്യക്ഷനായിരുന്നു. 2018-ൽ രാഷ്ട്രം പദ്മഭൂഷൺ നല്കി ആദരിച്ചു. നർമത്തിൽ ചാലിച്ച പ്രഭാഷണങ്ങളിലൂടെയാണ് വലിയമെത്രാപ്പൊലീത്താ കേഴ്വിക്കാരുടെ പ്രിയപ്പെട്ട വലിയ തിരുമേനിയായത്. മാരാമൺ കൺവെൻഷനിലും അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകൻകൂടിയായിരുന്നു അദ്ദേഹം. മാർത്തോമ്മാ സഭയിലെ പ്രമുഖ വൈദികനും വികാരിജനറാളുമായിരുന്ന ഇരവിപേരൂർ കലമണ്ണിൽ കെ.ഇ.ഉമ്മന്റെയും കളക്കാട് നടക്കേവീട്ടിൽ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രിൽ 27-ന് ജനിച്ചു. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നുപേര്. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിലായുള്ള സ്കൂൾവിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. െബംഗളൂരൂ, കാന്റർബെറി എന്നിവിടങ്ങളിൽനിന്നായി വേദശാസ്ത്രവും പഠിച്ചു. 1940 സെപ്റ്റംബർ ജൂൺ മൂന്നിന് ഇരവിപേരൂർ പള്ളിയിൽ വികാരിയായാണ് ദൈവശുശ്രൂഷയുടെ ഔദ്യോഗികതുടക്കം. 1999 ഒക്ടോബർ 23-ന് മെത്രാപ്പൊലീത്തായായി. 2007 ഓഗസ്റ്റ് 28-ന് സ്ഥാനത്യാഗത്തിനുശേഷം മാരാമണ്ണിലെ ജൂബിലി മന്ദിരത്തിൽ കഴിഞ്ഞിരുന്ന ക്രിസോസ്റ്റത്തെ പിന്നീട് ശാരീരിക അവശതകളെത്തുടർന്ന് വിശ്രമജീവിതത്തിനായി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.

മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്.

Exit mobile version