കോപ്പ അമേരിക്കയില്‍ ബ്രസീലിനെ പരാജയപ്പെടുത്തി അര്‍ജന്റീന ചാമ്പ്യന്‍മാര്‍
മാറക്കാന: ഫുട്‌ബോളിന്റെ കളിത്തൊട്ടിലില്‍ ആതിഥേയരായ ബ്രസിലിനെ തകര്‍ത്ത അര്‍ജന്റീന കോപ്പ അമേരിക്കഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍. ഡി മറിയ നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് ശക്തരായ ബ്രസീലിനെ അവരുടെ സ്വന്തം തട്ടകത്തില്‍ തറപറ്റിച്ച് ഫുട്‌ബോളിന്റെ മിശിഹാ ആയ മെസിയും സംഘവും കിരീടത്തില്ഡ മുത്തമിട്ടത്.
അര്‍ജന്റീനന്‍ ജനതയുടെ 28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. തന്റെ രാജ്യാന്തര കരിയറില്‍ അര്‍ജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താന്‍ മെസ്സിക്ക് സാധിച്ചിരിക്കുകയാണ.
ലോക ഫുട്‌ബോളിലെ എല്‍ക്ലാസ്സിക്കോ പോരാട്ടത്തിനാണ് മാറക്കാന സ്‌റ്റേഡിയം ഇന്ന് വേദിയായത്. 1993ന് ശേഷം കോപ്പ അമേരിക്ക കിരീടം കിട്ടാക്കനിയായി നില്‍ക്കുന്ന അര്‍ജന്റീന ഇന്ന് എന്ത് വില കൊടുത്തും അത് നേടാന്‍ തന്നെയാണ് ഇറങ്ങിയത്. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ വിഖ്യാതമായ മാറക്കാന സ്‌റ്റേഡിയത്തില്‍ ഇന്നിറങ്ങിയത്. 2019ല്‍ സ്വന്തം നാട്ടില്‍ പെറുവിനെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടം തിരിച്ചുപിടിച്ചത്. ആദ്യ ഇലവനില്‍ മാറ്റങ്ങളൊന്നുമില്ലാതെ ബ്രസീല്‍ ടീം ഇറങ്ങിയപ്പോള്‍ അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങിയത്.
മത്സരത്തിന്റെ 22-ാം മിനിട്ടില്‍ ഡീ മരിയയിലൂടെ അര്‍ജന്റീന ഗോള്‍ നേടി. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പാസ് സ്വീകരിച്ച് വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ ബ്രസീല്‍ മത്സരം കുറച്ചു കൂടി വേഗത്തിലാക്കി. ആദ്യ പകുതിയില്‍ മഞ്ഞ കാര്‍ഡ് ലഭിച്ച ഫ്രെഡിനെ പിന്‍വലിച്ച് റോബര്‍ട്ടോ ഫിര്‍മിനോയെ അവര്‍ കളത്തിലിറക്കി. ആറ് മിനിട്ടിനുള്ളില്‍ അവര്‍ റിച്ചാര്‍ലിസണിലൂടെ സമനില ഗോള്‍ നേടിയെങ്കിലും സൈഡ് റെഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. തൊട്ട് പിന്നാലെ പിന്നെയും റിച്ചാര്‍ലിസണ്‍ അര്‍ജന്റീനയുടെ ഗോള്‍ മുഖത്തേക്ക് ആക്രമണം നടത്തി. താരത്തിന്റെ ഒരു ബുള്ളറ്റ് ഷോട്ട് എമിലിയാനോ മാര്‍ട്ടിനസ് തകര്‍പ്പന്‍ സേവിലൂടെ തടഞ്ഞിട്ടു. കളിയുടെ അവസാന മിനിറ്റില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ഉജ്വല അവസരങ്ങള്‍ നഷ്ടമായി. ഗോളിയ്ക്ക് തൊട്ടുമുന്നില്‍ നില്‍ക്കേ മെസ്സി അവിശ്വസനീയമായി ഒരു അവസരം നഷ്ടമാക്കി. 87ആം മിനിറ്റില്‍ ഗബ്രിയേല്‍ ബാര്‍ബോസയുടെ ഗോളെന്നുറച്ച ഷോട്ടും എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി.
അര്‍ജന്റീനയുടെ 15ആം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറുഗ്വായുടെ നേട്ടത്തിനൊപ്പമെത്താന്‍ അര്‍ജന്റീനയ്ക്കായി. പല തവണ കപ്പിനും ചുണ്ടിനും ഇടയില്‍ രാജ്യാന്തര കിരീടങ്ങള്‍ അനവധി തവണ നഷ്ടമായ ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയ്ക്കു ഇത് വലിയ നേട്ടമാണ്.