Pravasimalayaly

മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം; പ്രവേശനം 1,500 പേര്‍ക്ക്

പത്തനംതിട്ട. 127-ാമത് മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം. ഉച്ചയ്ക്കു 2.30 ന് മാർത്തോമാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷ സ്ഥാനം അലങ്കരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പമ്പാ തീരത്ത് കണ്‍വന്‍ഷന്‍ നടക്കുക. 1,500 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. രാവിലെയും വൈകുന്നേരവും മാത്രമായിരിക്കും യോഗങ്ങള്‍ നടത്തുക. കോവിഡ് വ്യാപന സാഹചര്യത്തില്‍ തുറന്ന ഓഡിറ്റോറിയങ്ങളാണ് കണ്‍വന്‍ഷനായി ഇത്തവണ ഒരുക്കിയിരിക്കുന്നത്.

സാധാരണയായി ഒരു ലക്ഷം പേര്‍ക്ക് പങ്കെടുക്കാവുന്ന തരത്തിലാണ് കണ്‍വന്‍ഷന്‍ ഓഡിറ്റോറിയങ്ങള്‍ തയാറാക്കുന്നത്. എട്ട് ദിവസമാണ് കണ്‍വന്‍ഷന്‍ കാലാവധി. സെമിനാറുകൾ, ബൈബിൾ ക്ലാസുകൾ യുവവേദി യോഗങ്ങൾ എന്നിവ സംഘടിപ്പിക്കും.

17 ന് വിവിധ സഭകളുടെ ഐക്യസമ്മേളനം ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷന്‍ യോഗങ്ങളുടെ തത്സമയ സംപ്രേഷണം ചാനലിലൂടെയും ഓണ്‍ലൈനായും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Also Read: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Exit mobile version