കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, എ.എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം വധ ഗൂഢാലോചന കേസിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന സർക്കാർ ആവശ്യം കോടതി തള്ളി.
അഞ്ച് വർഷമായി മാർട്ടിൻ ജയിലിൽ കഴിയുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ എപ്പോൾ പൂർത്തിയാകും എന്ന് വ്യക്തമല്ല. മറ്റ് പല പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. അതിനാൽ മാർട്ടിനും ജാമ്യം അനുവദിക്കുന്നതായി കോടതി പറഞ്ഞു. ജാമ്യത്തിന് കർശന ഉപാധികൾ വെയ്ക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. വിചാരണ കോടതിക്ക് വ്യവസ്ഥ തീരുമാനിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
ആക്രമണം നടന്ന ദിവസം നടി വീട്ടിൽനിന്ന് യാത്രതിരിച്ച വാഹനം ഓടിച്ചിരുന്നത് മാർട്ടിൻ ആന്റണി ആയിരുന്നു. കേസിൽ മാർട്ടിന് പങ്ക് ഉണ്ടായിരുന്നില്ലെങ്കിൽ നടിക്കെതിരായ ആക്രമണം പോലും ഉണ്ടാകുമായിരുന്നില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത്ത് കുമാറും സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും കോടതിയെ അറിയിച്ചു. മാർട്ടിന് ജാമ്യം അനുവദിച്ചാൽ പൾസർ സുനി ഉൾപ്പടെ കേസിൽ ഇതുവരെ ജാമ്യം ലഭിക്കാത്ത മറ്റ് പ്രതികളും കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ജാമ്യത്തിനായി ശ്രമിക്കുമെന്നും സർക്കാർ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളുപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത വധഗൂഢാലോചനാ കേസിന്റെ വിശദാംശങ്ങളും സംസ്ഥാന സർക്കാർ അഭിഭാഷകർ കോടതിയിൽ വിശദീകരിച്ചു. കേസിലെ ആരോപണങ്ങൾ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി, മാർട്ടിന്റെ ജാമ്യാപേക്ഷയ്ക്ക് പുറത്തുള്ള വിഷയങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരട്ടെ എന്നും കോടതി നിരീക്ഷിച്ചു.