Saturday, November 23, 2024
HomeNewsആര്യാ രാജേന്ദ്രനും സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന്

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന്

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ നടക്കും. രാവിലെ 11ന് എ കെ ജി സെന്ററിലാണ് വിവാഹനിശ്ചയം. ഇരുവരുടെയും അടുത്തബന്ധുക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളും മാത്രം പങ്കെടുക്കുന്നതാണ് ചടങ്ങ്. ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. വിവാഹം പിന്നീട് നടക്കും. സച്ചിൻ എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ് എഫ് ഐ സംസ്ഥാനസമിതി അംഗവും പാർട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്.

ബാലസംഘം എസ് എഫ് ഐ കാലഘട്ടം മുതൽ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോൾ വിവാഹത്തിലെത്തിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാദിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പിൽ പങ്കെടുത്തതും വിജയിച്ചതും. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജന്‍റായ ശ്രീലതയുടേയും മകളാണ് ആര്യ.

ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച സച്ചൻ ബാലുശ്ശേരിയിൽ നിന്ന് മികച്ച വിജയം നേടി നിയമസഭയിലെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ സച്ചിൻ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ചെയർമാനായിരുന്നു. നിയമബിരുദധാരിയാണ്. ബാലുശ്ശേരിയിൽ സച്ചിൻദേവ് മൽസരിച്ചപ്പോൾ താരപ്രചാരകയായി ആര്യ രാജേന്ദ്രൻ എത്തിയിരുന്നു. 15ാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്.

സച്ചിൻ ദേവുമായി എസ് എഫ് ഐ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നതെന്ന് ആര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ”ഞങ്ങളിരുവരും ഒരേ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്.രണ്ട് പേർക്കും കുടുംബവും പാർട്ടിയുമാണ് ഏറെ പ്രാധാന്യമുള്ള വിഷയം. ആ സൌഹൃദ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആര്യ പറയുന്നു. ‘വിവാഹം സമയമെടുത്തു ആലോചിച്ച് നടത്തേണ്ട കാര്യമാണ്. ഞങ്ങൾ പരസ്പരം ആലോചിച്ച ശേഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു. രണ്ട് കുടുംബവും തമ്മിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ജന പ്രതിനിധികളായതിനാൽ പാർട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം. ഇരുവരും ജനപ്രതിനിധികളാണ്. എന്റെ പഠനവും പൂർത്തിയാക്കേണ്ടതുണ്ടെന്നും ആര്യ അന്ന് വിവാഹ വാർത്തകളോട് പ്രതികരിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments