Pravasimalayaly

“ആരോടും മോശമായി സംസാരിച്ചിട്ടില്ല ഞങ്ങളും പച്ചമനുഷ്യർ” വിവാദങ്ങളിൽ വിശദീകരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ

വനിതാ കമ്മീഷനിലേക്ക് പരാതി പറയാന്‍ വിളിച്ച ആരോടും മോശമായി സംസാരിച്ചിട്ടില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ആരേയും മോശമാക്കി സംസാരിച്ചിട്ടില്ല. ഞങ്ങളും മനുഷ്യരാണ് നിരവധി പ്രശ്‌നങ്ങളാണ് ഓരോ ദിവസവും നേരിടുന്നത്. ചിലരോട് പല തവണ പറഞ്ഞാലും കാര്യങ്ങള്‍ മനസ്സിലാക്കില്ല. എല്ലായിടത്തും വനിത കമ്മീഷന് ഓടിയെത്താന്‍ കഴിയില്ല. അപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പറയും. ചിലരോട് ഉറച്ചഭാഷയില്‍ തന്നെ മറുപടി പറയേണ്ടി വരും.

അവര്‍ പരാതി നല്‍കുകയോ പൊതുസമൂഹത്തില്‍ പറയുകയോ ചെയ്താല്‍ മാത്രമേ തങ്ങള്‍ക്ക് സ്വമേധയാ കേസെടുക്കാന്‍ കഴിയു. പോലീസ് ഇടപെടാന്‍ തയ്യാറാകാത്ത കേസിലാണ് ഇങ്ങനെ നടപടി സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ആവര്‍ത്തിച്ചതോടെ അവരോടും ജോസഫൈന്‍ തട്ടിക്കയറി. ഗാര്‍ഹിക പീഡനത്തില്‍ പരാതി പറയാന്‍ ഒരു ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് വിളിച്ച യുവതിയോടാണ് ജോസഫൈന്‍ അസഹിഷ്ണുതയോടെ പെരുമാറിയത്.

ജോസഫൈനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ യൂത്ത് ​കോണ്‍ഗ്രസ് അല്ല ത​െ​ന്ന നിയമിച്ച​െ​തന്നും സര്‍ക്കാര്‍ ആ​െ​ണന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞാല്‍ എന്തും അംഗീകരിക്കും.

സ്ത്രീധന വിഷയത്തില്‍ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. പെണ്‍കുട്ടികള്‍ എല്ലാം സഹിക്കേണ്ടവരാണെന്ന ചിന്ത മാറണം. നിയമംകൊണ്ടുമാത്രം സ്ത്രീധന സമ്പ്രാദായം മാറുമെന്ന വിശ്വാസം വനിത കമ്മീഷനില്ല. കമ്മീഷന്‍ ക്രിമിനല്‍ കോടതിയല്ല. അതിനുള്ള അധികാരമില്ല. സ്വമേധയാ കേസെടുക്കാനും പ്രതികള്‍ക്ക് നോട്ടീസ് അയച്ച് നടപടി സ്വീകരിക്കാനും കഴിയും.

വിസ്മയ കേസിനു ശേഷം സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പോലീസ് ഉന്നതയെ തന്നെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. അവരുടെ പ്രസ്താവന താന്‍ കേട്ടിരുന്നു. അത് പ്രതീക്ഷ നല്‍കുന്നതാണ്. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ചുള്ള അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കണം. കഴിവുള്ള പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണം. പോലീസിനെയോ വനിതാ കമ്മീഷനെയോ മാത്രം കുറ്റപ്പെടുത്തി ഏതെങ്കിലും ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് മറ്റേതെങ്കിലും മനോഭാവത്തോടെ പ്രവര്‍ത്തിക്കരുത്. സമൂഹത്തിന്റെ മനോഭാവമാണ് മാറേണ്ടത്. വള്ളികുന്നത്ത് മരിച്ച 18 വയസ്സുള്ള കുട്ടിയെ എന്തിനാണ് ഇത്ര ചെറുപ്പത്തില്‍ വിവാഹം കഴിപ്പിച്ച് കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ 18 വയസ്സ് കഴിയുമ്പോള്‍ ജാതക ദോഷമുണ്ടെന്നും പിന്നെ 27 കഴിഞ്ഞേ വിവാഹം നടക്കൂവെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. ഈ നാട്ടില്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തരുതെന്നും ജോസഫൈന്‍ പറഞ്ഞു.

സ്ത്രീധന സമ്പ്രാദായത്തില്‍ ചരക്കാക്കുകയാണ് സ്ത്രീ. സ്ത്രീധനമല്ല, സ്ത്രീകള്‍ക്ക് പരമ്പരാഗത സ്വത്ത് അവകാശമാണ് നല്‍കേണ്ടത്. സ്ത്രീക്ക് ധനം നല്‍കുകയാണെങ്കില്‍ സ്ത്രീയുടെ പേരില്‍ അവളുടെ ബാങ്ക് അക്കൗണ്ടിലാണ് നല്‍കേണ്ടത്.

സ്ത്രീധന സമ്പദ്രായവും ആഡംബര വിവാഹവും അവസാനിപ്പിക്കണം. കോവിഡ് കാലത്ത് ആഡംബര വിവാഹം ഒഴിവാക്കാമെങ്കില്‍ എന്തുകൊണ്ട് എല്ലാ കാലത്തും ലളിത വിവാഹം ആയിക്കൂടെ.

കൊച്ചി ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസില്‍ വനിതാ കമ്മീഷന്‍ ഇടപെട്ട ശേഷമാണ് രണ്ട് മാസം കഴിഞ്ഞിട്ടായാലും പോലീസ് പ്രതിയെ പിടികൂടിയതെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.

Exit mobile version