Pravasimalayaly

“എന്നാ പിന്നെ അനുഭവിച്ചോ ” പരാതി പറയാൻ വിളിച്ച പെൺകുട്ടിയ്ക്ക് വനിത കമ്മീഷൻ അധ്യക്ഷയുടെ ശകാരം : സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

ഗാര്‍ഹിക സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങളും സ്ത്രീധനത്തെ ചൊല്ലിയുള്ള മരണങ്ങളും പ്രതിദിനം വാര്‍ത്തയാകുമ്പോള്‍ വനിതാ കമ്മീഷനിലേക്ക് നിയമസഹായം തേടി വിളിച്ച ഒരു യുവതിക്ക് നേരിടേണ്ടി വന്നത്് അതിലും വലിയ അസഹിഷ്ണുത. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ ആണ് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അസഹിഷ്ണുതയോടെ പെരുമാറിയത്. ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തത ലഭിക്കാതെ വന്നതോടെ യുവതിയോട് പല തവണ ജോസഫൈന്‍ ശബ്ദമുയര്‍ത്തി ചോദിക്കുന്നുമുണ്ടായിരുന്നു. വ്യക്തത കിട്ടാതെ വന്നതോടെ ‘എന്നാല്‍ പിന്നെ അനുഭവിച്ചോ, കേട്ടോ… കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനുമായി വക്കീല്‍ വഴി കുടുംബ കോടതിയില്‍ കേസ് കൊടുക്കാനും ജോസഫൈന്‍ പറയുന്നു. വനിതാ കമ്മീഷനും വേണമെങ്കില്‍ ഒരു പരാതി അയച്ചോ.. പക്ഷേ അയാള്‍ വിദേശത്താണല്ലോ’ എന്നായിരുന്നു പ്രതികരണം.

സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒരു വാര്‍ത്ത ചാനലാണ് എം.സി ജോസഫൈനെ ഉള്‍പ്പെടുത്തി നിയമസഹായ പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ ലൈവായി ആയിരുന്നു ചെയര്‍പേഴ്‌സന്റെ അസഹിഷ്ണുതയോടെയുള്ള പെരുമാറ്റം.

എറണാകുളം സ്വദേശി ലെബിന എന്ന യുവതിയാണ് ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് പരാതി പറയാന്‍ വിളിച്ചത്. വനിത കമ്മീഷന്‍ അധ്യക്ഷയുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വീഡിയോ ദൃശ്യവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു ലൈവ് ചാനല്‍ പരിപാടിയില്‍ ഇതാണ് പ്രതികരണമെങ്കില്‍ ഇവരുടെ പക്കല്‍ നേരിട്ട് പരാതിയുമായി എത്തുന്നവരുടെ അനുഭവം എന്തായിരിക്കുമെന്നാണ് ഈ പലരും അഭിപ്രായപ്പെടുന്നത്.

ഗാര്‍ഹിക പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകളുടെ സഹായത്തിനു രൂപീകരിച്ച വനിത കമ്മീഷനില്‍ എത്തിയ പരാതികളില്‍ പകുതിയിലേറെയും കെട്ടിക്കിടക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Exit mobile version