കൊച്ചി: സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. പദ്ധതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ഒരു പഠനം പോലും ഉണ്ടായിട്ടില്ലെന്ന് അവർ ആരോപിച്ചു.
സിൽവർ ലൈൻ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തിൽ ആക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞു.
എളുപ്പം സമീപിക്കാൻ സാധിക്കുന്ന നേതാവല്ല പിണറായി വിജയനെന്ന് അവർ വ്യക്തമാക്കി. അദ്ദേഹം ജനങ്ങൾക്ക് അപ്രാപ്യനായി നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇടതുപക്ഷത്തിന്റെ വർഗീയവിരുദ്ധ പോരാട്ടം എല്ലാ മേഖലകളിലും ഉണ്ടാകണമെന്നും അവർ വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്കായി കോഴിക്കോട് ജില്ലയിൽ സർവേ നടത്തിയ സ്ഥലങ്ങൾ സന്ദർശിക്കുമെന്നും മേധ കൂട്ടിച്ചേർത്തു.