Pravasimalayaly

മീഡിയാ വണ്‍ സംപ്രക്ഷണ വിലക്കിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

മീഡിയാ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി. അപ്പീല്‍ തള്ളിയതോടെ ചാനലിനുള്ള സംപ്രേക്ഷണ വിലക്ക് നിലവിലുള്ളതുപോലെ തുടരും. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് വിധി. ഫയലുകള്‍ പരിശോധിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുള്ള കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

തങ്ങളുടെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിതെന്നാണ് അപ്പീലില്‍ ചാനല്‍ അധികാരികളുടെ വാദം. ഫെബ്രുവരി എട്ടിനാണ് സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ശരിവച്ചു കൊണ്ട് മീഡിയാ വണ്ണിന്റെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയത്. ലൈസന്‍സ് പുതുക്കാഞ്ഞതിനെ തുടര്‍ന്ന് സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ് ചാനല്‍ ഉടമകളും ജീവനക്കാരും, പത്രപ്രവര്‍ത്തക യൂണിയനും അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ ഫെബ്രുവരി 10 ന് വാദം പൂര്‍ത്തികരിച്ചിരുന്നു.

എന്നാല്‍ കൃത്യമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ അപ്പീലിന്മേലുള്ള മറുപടിയും മറ്റ് വിശദാംശങ്ങളും മുദ്രവച്ച കവറില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയ്ക്ക് കൈമാറിയിരുന്നു.

Exit mobile version