Pravasimalayaly

കുട്ടിയെ ചവിട്ടിയ പ്രതിയെ രാത്രി വിട്ടയച്ചത് തെറ്റ്; പൊലീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് നാടോടി ബാലനെ ചവിട്ടിയ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട്. പ്രതിയെ രാത്രി വിട്ടയച്ചതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നത്. ഉദ്യോഗസ്ഥര്‍ കാര്യഗൗരവമുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. അതിക്രമം അറിഞ്ഞ് സംഭവസ്ഥലത്ത് പോയ പൊലീസുകാര്‍ ഉത്തരവാദിത്തതോടെ പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വിട്ടയച്ചത് ഏറ്റവു വലിയ വീഴ്ചയാണ്. രാത്രിയില്‍ വണ്ടി കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് വീട്ടിലേക്ക് പറഞ്ഞുവിട്ടത്. എന്നിട്ട് രാവിലെ വരാന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ തുടക്കത്തില്‍ പൊലീസ് പറഞ്ഞ ന്യായീകരണങ്ങള്‍ തള്ളുന്നതാണ് റിപ്പോര്‍ട്ട്.

തലശേരി സിഐ എം അനിലിനും ഗ്രേഡ് എസ്ഐമാര്‍ക്കുമാണ് വീഴ്ച പറ്റിയത്.സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള നടപടി സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version